vasi

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. 'വാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് 'വാശി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ റോബി വർഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൽ വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം ഒരുക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്‌കുമാറാണ് സിനിമ നിർമ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ: കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ: ബാദുഷ എൻ.എം, കലാ സംവിധാനം: മഹേഷ് ശ്രീധർ, മേക്കപ്പ്: പി.വി.ശങ്കർ, കോസ്റ്റ്യൂം: ദിവ്യ ജോർജ്, സൗൺഡ് ഡിസൈനിംഗ്: എം.ആർ.രാജകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉർവ്വശി തിയേറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്. 2012ൽ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറിൽ പുറത്തിറങ്ങിയ അവസാന ചിത്രം.