കല്ലമ്പലം:വാട്ടർ പമ്പ് മോഷ്ടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. തമിഴ്നാട് തപ്പരപ്പ് സ്വദേശിയും പത്തുവർഷമായി പുതുശ്ശേരിമുക്കിനു സമീപം തലവിളയിൽ താമസക്കാരനുമായ മണിക്കുട്ടൻ (20), ഇയാളുടെ ബന്ധുവായ അനന്തുശങ്കർ (20) എന്നിവരാണ് അറസ്റ്റിലായത്. തലവിള എ.എം.ആർ വില്ലയിൽ മുഹമ്മദ് റഷീദ് കൃഷി ആവശ്യത്തിനായി കിണറ്റിൽ ഫിറ്റ് ചെയ്തിരുന്ന പമ്പ് സെറ്റാണ് ഇവർ കവർന്നത്. മുഹമ്മദ് റഷീദിന്റെ പരാതിയിൽ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ആക്രിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പുതുശ്ശേരിമുക്കിലുള്ള ആക്രി കടയിൽ നിന്നും മോഷണം പോയ പമ്പ് സെറ്റ് കണ്ടെടുത്തതും പ്രതികൾ കുടുങ്ങിയതും. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ് ഐ, എസ്.ഐ ഗംഗാ പ്രസാദ്, അഡീഷണൽ എസ്.ഐ അനിൽ, എ.എസ്.ഐ സുനിൽ, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.