calicut-university

ഉയർന്ന യോഗ്യതക്കാരെ ഒഴിവാക്കിയെന്നും ഗവർണർക്ക് പരാതി

തിരുവനന്തപുരം: എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന്, സർവകലാശാലയിൽ നിന്ന് വിരമിച്ച അവരുടെ അദ്ധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തി റാങ്ക് നൽകിയതായി ഗവർണർക്ക് പരാതി. 30ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം നിയമനത്തിന് അംഗീകാരം നൽകാനിരിക്കെയാണിത്.

കാലിക്കറ്റ്‌ സർവകലാശാലയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ രണ്ട് ഒഴിവുകളിലെ നിയമനത്തിന് കഴിഞ്ഞ ചൊവ്വയും, ബുധനും നടന്ന ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് മുൻ എസ്.എഫ്.ഐ നേതാവും ഡി.വൈ.എഫ്.ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്. ഒന്നാം റാങ്ക് മെരിറ്റിലും, രണ്ടാം റാങ്ക് മുസ്ലിം സംവരണാടിസ്ഥാനത്തിൽ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനുമാണ് നൽകിയത്. എഴുപതോളം അപേക്ഷകരിൽ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേർ ഇന്റർവ്യൂവിന് ഹാജരായി. യോഗ്യരായ പലരെയും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഷോർട്ട് ലിസ്റ്റിംഗിൽ നിന്ന് ഒഴിവാക്കിയാണ് അക്കാഡമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും നൽകിയ പരാതിയിൽ പറയുന്നു. ഷംസീറിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ മേൽനോട്ടം വഹിച്ച മുൻ അദ്ധ്യാപകനെയാണ് വി.സി ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.