plus2

തിരുവനന്തപുരം: മാർച്ച് ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന പ്ളസ്ടു മോഡൽ പരീക്ഷ വിദ്യാർത്ഥികൾക്ക് മറ്റൊരു പരീക്ഷണമാവുന്നു. കൊവിഡ്കാലത്ത് ,രാവിലെയും ഉച്ചയ്ക്കുമായി ദിവസം ആറ് മണിക്കൂറോളം പരീക്ഷ എഴുതേണ്ടി വരും.

ഒന്നിന് രാവിലെ ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യ,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ളീഷ് ലിറ്ററേച്ചർ പരീക്ഷ എഴുതുന്ന കുട്ടികൾ, ഉച്ചയ്ക്ക് ഉപഭാഷയിലും, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജിയിലും പരീഷയെഴുതണം. ഹയർ സെക്കൻഡറി ജോയിൻറ് ഡയറക്ടർ ഇറക്കിയ പരീക്ഷാ ടൈംടേബിൾ പ്രകാരം, വെള്ളിയാഴ്ചയാണ് രാവിലെ മാത്രം പരീക്ഷയുള്ളത്.

 2 ന് രാവിലെ കെമിസ്ട്രി,ഹിസ്റ്ററി, ഇസ്ളാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേഷൻ ഇംഗ്ളീഷ്. ഉച്ചയ്ക്ക് മാത്സ്, പാർട്ട് രണ്ട് ലാംഗ്വേജ്, സംസ്കൃത ശാസ്ത്ര,ഫിലോസഫി.

 3 ന് രാവിലെ ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്,ജിയോളജി, അക്കൗണ്ടൻസി, ഉച്ചയ്ക്ക് ഇംഗ്ലീഷ്.
 4 ന് രാവിലെ ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഉച്ചയ്ക്ക് ഫിസിക്‌സ്. ഇക്കണോമിക്സ്. 5 ന് രാവിലെ സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
ഓരോ വിഷയത്തിനും മുൻ വർഷങ്ങളിലെ ചോദ്യങ്ങളുടെ ഇരട്ടിയോളം ചോദ്യം നൽകി കുട്ടിക്ക് കൂടുതൽ തിരഞ്ഞെടുക്കലിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കൂൾ ഓഫ് ടൈം കൂടുമ്പോൾ, രണ്ടേ മുക്കാൽ മണിക്കൂറാണ് ഓരോ സെക്ഷനിലെയും പരീക്ഷ സമയം. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നുമാണ് പരീക്ഷ തുടങ്ങുന്നത്.

''വേണ്ടത്ര ക്ലാസ് പഠനം പോലും നടക്കാത്ത സാഹചര്യത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്ന കുട്ടികളോട് കാട്ടുന്ന ക്രൂരതയാണിത്. 6 വിഷയങ്ങൾക്ക് 5 ദിവസം പരീക്ഷയുണ്ട്. ദിവസം ഒരു പരീക്ഷ മാത്രം വച്ച് ടൈംടേബിൾ പുന:ക്രമീകരിക്കണം ''.

-എസ്.മനോജ്

ജനറൽ സെക്രട്ടറി

എ.എച്ച്.എസ്.ടി.എ