editorial-

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ നാറ്റക്കേസുകളിലൊന്നായ സോളാർ അപവാദ കഥകൾ വീണ്ടും പ്രധാന വിഷയമാകാൻ പോവുകയാണ്. സി.ബി.ഐയെ സംസ്ഥാനത്തിന്റെ പടിക്കു പുറത്താക്കാൻ വ്യഗ്രത കാട്ടിയ ഇപ്പോഴത്തെ സർക്കാർ തന്നെ ഈ അപവാദ കഥ അന്വേഷിക്കാൻ അവരെ ക്ഷണിച്ചതിലെ ഔചിത്യമില്ലായ്മ അവിടെ നിൽക്കട്ടെ. തിരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിക്കാൻ ഇങ്ങനെയൊരെണ്ണം കൂടി അനിവാര്യമാണെന്ന തീരുമാനത്തിലെത്തിയതു തീർച്ചയായും ഇടതുമുന്നണിയുടെ രാഷ്ട്രീയ ബുദ്ധിയാണെന്നു പറയാനാവില്ല. ജനങ്ങളുടെ മുമ്പാകെ അക്കമിട്ടു നിരത്താൻ എത്രവേണമെങ്കിലും നല്ല കാര്യങ്ങളുള്ളപ്പോൾ വർഷങ്ങളായി രാഷ്ട്രീയ ചുവരുകളിൽ മനുഷ്യർ നോക്കാനറയ്ക്കുന്ന വികല ചിത്രങ്ങൾ പൊടി തട്ടിമാറ്റി പുതിയ നിറം പകരേണ്ട കാര്യമുണ്ടായിരുന്നില്ല. എതിരാളികളെ നിഷ്‌പ്രഭരാക്കാനും ജനങ്ങളിൽ അവരെക്കുറിച്ച് അവമതിപ്പു സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെങ്കിൽ എൽ.ഡി.എഫ് നേതൃത്വം കരുതും പോലെയുള്ള ഫലമുണ്ടാകുമോ എന്നും സംശയമാണ്. സോളാർ അപവാദത്തിൽ മാത്രമല്ല ഇതുപോലുള്ള ഏതു അപവാദ കഥകളിലെയും അന്വേഷണഫലം ഒരുപാടു കണ്ടിട്ടുള്ളവരാണ് ഇവിടത്തെ ജനങ്ങൾ.

വ്യക്തവും സ്പഷ്ടവുമായ തിരഞ്ഞെടുപ്പു പ്രകടന പത്രികയുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന പാരമ്പര്യമാണ് സംസ്ഥാനത്തെ മുഖ്യ മുന്നണികൾക്ക്. അതിനിടയിൽ അഴിമതിക്കഥകൾ പല ഘട്ടങ്ങളിലും മേമ്പൊടിയായി വരാറുമുണ്ട്. അതൊക്കെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊഴുപ്പേകാൻ സഹായിക്കുമെന്നതു സത്യമാണ്. എന്നാൽ ശരിയായ രാഷ്ട്രീയ ബോധമുള്ള മനുഷ്യർക്കിടയിൽ സോളാർ പോലുള്ള ലൈംഗികാപവാദ കഥകൾ അധികനാൾ വിലപ്പോയെന്നുവരില്ല. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനുള്ള ഒരു പ്രചാരണ ആയുധമെന്നതിനപ്പുറം അതിനു നിലനില്പും ഉണ്ടാകില്ല.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലാവ്‌ലിനും അടുത്തകാലത്തായി സോളാറും അന്തരീക്ഷത്തിൽ പുകപടലങ്ങൾ പരത്തുന്നത് പതിവായിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാൻ വേണ്ടിയാണ് ഒന്നര പതിറ്റാണ്ടായി ലാവ്‌ലിൻ അപവാദ കഥയുമായി യു.ഡി.എഫ് രംഗത്തുവന്നത്. ഇപ്പോഴും അതു തീർന്നിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പൊന്തിവന്ന സോളാർ വിവാദവും അതുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദങ്ങളും. മൊത്തം 16 ഉന്നതരായ യു.ഡി.എഫ് നേതാക്കളാണ് ആരോപണ വിധേയരായതെങ്കിലും ആറുപേർക്കെതിരെ മാത്രമാണ് ഇതിനകം കേസെടുത്തത്. ഈ ആറു കേസുകളാണ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ആസന്നമായ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നയിക്കാൻ നിയുക്തനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള സമുന്നത നേതാക്കളാണ് പ്രതിപ്പട്ടികയിലുള്ളതെന്നതിനാലാണ് ഈ അപവാദ കഥയ്ക്ക് വലിയ രാഷ്ട്രീയ മാനം ലഭിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിനു പോലും കാത്തുനിൽക്കാതെ ധൃതിപിടിച്ച് സോളാർ പീഡനക്കേസുകൾ സി.ബി.ഐക്കു വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയതിനു പിന്നിലും കറതീർന്ന രാഷ്ട്രീയം കാണുന്നവർ ധാരാളമുണ്ട്. ഇത്രയും കാലം ഭരണത്തിലിരുന്നിട്ടും ഒന്നും ചെയ്യാതിരുന്നവർ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രമുള്ളപ്പോൾ സി.ബി.ഐയെ സോളാർ പീഡനക്കേസ് ഏല്പിക്കുന്നതിലെ നിലപാടു മാറ്റവും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

ഏതുനിലയിൽ നോക്കിയാലും ഇടതു മുന്നണിക്ക് സോളാറിനെ കൂട്ടുപിടിക്കാതെ തന്നെ തല ഉയർത്തി നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുമെന്നിരിക്കെ അന്വേഷണ സംഘങ്ങൾ തന്നെ വഴിയിൽ ഉപേക്ഷിച്ചു കടന്ന സോളാർ വിഴുപ്പുഭാണ്ഡമെടുത്ത് തോളിലിടേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. എന്തു നേട്ടമാണ് ഇതിൽ നിന്ന് ഉണ്ടാക്കാൻ പോകുന്നതെന്നറിയില്ല. മറുപക്ഷത്തിനു മാത്രമാകും ഒരുപക്ഷേ ലാഭമുണ്ടാവുക. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ നേട്ടം കൊയ്തത് അപവാദകഥകളുടെ കൂട്ടുപിടിച്ചായിരുന്നില്ല എന്നതു മാത്രം ഓർത്താൽ മതി ഇപ്പോഴത്തെ തീരുമാനത്തിന്റെ നിരർത്ഥകത ബോദ്ധ്യപ്പെടാൻ. ജനങ്ങൾ അംഗീകാരം നൽകിയത് വികസന അജണ്ടയ്ക്കാണെന്നതു വളരെ വ്യക്തമാണ്. നാട്ടിൽ നടക്കുന്നതൊക്കെയും അവർ നേരിട്ടു കണ്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തിനു മുന്നിൽ നിരത്തിവയ്ക്കാൻ അനവധി നല്ല മാതൃകകളുള്ളപ്പോൾ സോളാർ പീഡനം പോലുള്ള അപവാദ കഥ തുറുപ്പുചീട്ടാക്കാൻ കഴിയുമെന്നത് മിഥ്യാധാരണയാണ്. ഇത്തരത്തിലുള്ള അപവാദ രാഷ്ട്രീയ പ്രചാരണത്തിന് സമൂഹത്തിൽ ഒരു സ്ഥാനവും നൽകാതിരിക്കാനാണ് രാഷ്ട്രീയ കക്ഷികൾ ശ്രമിക്കേണ്ടത്. യുദ്ധത്തിലും തിരഞ്ഞെടുപ്പിലും എന്തുമാകാമെന്നു പറയാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ എതിരാളികളെ കുടുക്കാൻ ഇതുപോലുള്ള അപവാദങ്ങളെ കൂട്ടുപിടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ഇരുമുന്നണികളും ഓർക്കേണ്ട കാര്യമാണത്.

അപവാദ കഥകൾ എപ്പോഴും രാഷ്ട്രീയത്തിൽ ചൂടും പുകയും സൃഷ്ടിക്കുമെന്നതു സത്യമാണ്. സംസ്ഥാനത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളെങ്കിലും ഇത്തരം അപവാദ കഥകളിൽപ്പെട്ട് നിലച്ചുപോയ അനുഭവങ്ങളുണ്ട്. കേസും അന്വേഷണവും അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പുകളുമൊക്കെയായി വർഷങ്ങൾ നീണ്ടുപോകും. ഒടുവിൽ ആർക്കും വേണ്ടാതാകുന്ന കുറെ അന്വേഷണ റിപ്പോർട്ടുകൾ മാത്രമാകും ശേഷിപ്പ്. സോളാറിൽത്തന്നെ ഏറെ നാളെടുത്തു പൂർത്തിയാക്കിയ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ എന്തു തുടർനടപടി ഉണ്ടായി എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഖജനാവിലെ കുറെ പണം പോയതു മാത്രം മിച്ചം. ലാവ്‌ലിനിലും ഇതൊക്കെയാണുണ്ടായത്. കേസ് ഇനിയും തീരാതെ നീണ്ടുനീണ്ടുപോകുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങളെ പാട്ടിലാക്കാൻ അപവാദ കഥകൾക്കു കഴിയുമെന്നു തോന്നുന്നില്ല. സംസ്ഥാനത്തിന്റെ പുരോഗതിയിലും ഭാവിയിലും പ്രതീക്ഷ വച്ചുപുലർത്തുന്നവരെ ആകർഷിക്കുന്നത് മുന്നണികളുടെ പ്രകടന പത്രികകളിലെ നല്ല കാര്യങ്ങൾ മാത്രമാകും. അഴുക്കുചാലിൽ ആണ്ടുകിടക്കുന്ന നാറിയ വിഴുപ്പുകൾ ആരുമെടുത്ത് അണിയാറില്ല.