തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകാൻ കൊക്കോണിക്‌സ്, ഏയ്സർ, ലെനോവോ എന്നീ കമ്പനികളെ തിരഞ്ഞെടുത്തു. സർക്കാരിന് ഓഹരിപങ്കാളിത്തമുള്ള കേരള ബ്രാൻഡ് കമ്പനിയായ കൊക്കോണിക്‌സാണ് കുറഞ്ഞ വിലയ്‌ക്ക് ലാപ്‌ടോപ് നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. ഒരു ലാപ്‌ടോപ്പിന് 14,990 രൂപ.
ഏയ്സർ 17,883 രൂപയും ലെനോവോ 18,000 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഫെബ്രുവരിയിൽ സർക്കാർ ആദ്യ പർച്ചേസ് ഓർഡർ നൽകും. ഓർഡർ ലഭിച്ച് 12 ആഴ്‌ചയ്‌ക്കകം കമ്പനികൾ ലാപ്‌ടോപ് നൽകണമെന്നാണ് കരാർ.
18,000 രൂപ വരെയാണ് സർക്കാർ ഒരു ലാപ്‌ടോപ്പിന് വിലയിട്ടിരിക്കുന്നത്. കെ.എസ്.എഫ്.ഇയിൽ നിന്ന് 15,000 രൂപ വരെ വായ്പ കിട്ടും. 3000 രൂപ വാങ്ങുന്നവർ നൽകണം. വിലകുറവ് തിരഞ്ഞെടുത്താലും കുട്ടികൾ 3000 രൂപ നൽകണം. ശേഷിക്കുന്നതേ വായ്‌പയായി നൽകൂ.
പദ്ധതി ഇങ്ങനെ
കുടുംബശ്രീ വഴി 500 രൂപ മാസ അടവുള്ള 30 മാസത്തെ കെ.എസ്.എഫ്.ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്നവർക്കു ലാപ്‌ടോപ് നൽകുന്നതാണ് പദ്ധതി. 1.2 ലക്ഷം കുട്ടികളാണ് ചിട്ടിയിൽ ചേർന്ന് കാത്തിരിക്കുന്നത്.