rt

വർക്കല: കാട് പിടിച്ച കാപ്പിൽ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിക്കുന്നതിനുള്ള നടപടിയുമായി കാപ്പിൽ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ രംഗത്തെത്തി. കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ റെയിൽവേ സ്റ്റേഷൻ പരിസരമാണ് കാട്ടുചെടികൾ വളർന്ന്‌ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയത്. സ്റ്റേഷൻ പരിസരവാസികൾക്കും ഇതുവഴി കടന്നു പോകുന്ന കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ച് വന്നത്. ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കുകയും, മുള്ളൻപന്നികളും മറ്റ് ഷുദ്രജീവികളും താവളമുറപ്പിച്ചിരിക്കുന്ന ഈ സ്ഥലത്ത്‌ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നത് പതിവാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൂടി കടന്നു പോകാൻ കഴിയാത്ത സാഹര്യമായിരുന്നു. ഇതിന് പരിഹാരം കാണുന്നതിന് പരിസ്ഥിതി സംരക്ഷണത്തിനും പരിസര ശുചീകരണത്തിനും ഊന്നൽ നൽകി കാപ്പിൽ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ കൊല്ലം റെയിൽവേ എൻജിനിയറിംഗ് വിഭാഗത്തിന്റെ അനുമതിയോടെ കാപ്പിൽ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാർ നിർവഹിക്കും.