h

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നു പിരിച്ചുവിട്ട എം പാനനലുകാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തേണ്ട വ്യവസ്ഥയിൽ ഇളവു വരുത്തും. പത്ത് വർഷം പൂർത്തിയാക്കിയ, വർഷം 240 ഡ്യൂട്ടി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തൽ ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ, വർഷം 120 ഡ്യൂട്ടി ചെയ്തിട്ടുണ്ടെങ്കിലും സ്ഥിരപ്പെടുത്താനാണ് പുതിയ തീരുമാനം.

നേരത്തെ തയ്യാറാക്കിയ ലിസ്റ്റിലെ അപാകതകൾ പരിഹരിക്കും. സീനിയോറിട്ടി ലിസ്റ്റിൽ ഉപാധികളുടെ മറവിൽ വെട്ടിനിരത്തൽ നടന്നെന്ന് ജനുവരി 11ന് 'കേരളകൗുമുദി' റിപ്പോർട്ട് ചെയ്തിരുന്നു.ആദ്യ ലിസ്റ്റിൽ 908 പേർക്കാണ് സ്ഥിര നിയമനത്തിന് അർഹത ലഭിച്ചത്. പുതിയ ലിസ്റ്രിൽ കുറഞ്ഞത് ആയിരം പേർ കൂടി ഉൾപ്പെടും.

കെ.എസ്.ആർ.ടി.സിയിൽ സ്ഥിരപ്പെടുത്തുന്നതിന് നിയമ തടസമുള്ളതിനാൽ കെ.യു.ആർ.ടി.സിയിലാണ് നിയമനം. 10 വർഷം തുടർച്ചയായി ജോലി ചെയ്തവർക്ക് മാസം 10 ഡ്യൂട്ടിയെങ്കിലുമുണ്ടായിരിക്കണം. ഇടയ്ക്ക് എപ്പോഴെങ്കിലും വന്ന് 120 ഡ്യൂട്ടി ചെയ്തവരെ പരിഗണിക്കില്ല. അതേസമയം, പ്രസവാവധി എടുത്ത വനിതാ കണ്ടക്ടർമാർക്ക് മാസത്തിൽ 10 ഡ്യൂട്ടി നിബന്ധയിൽ ഇളവ് നൽകും.

2020 ലോക്ക് ഡൗൺ കാലം വരെ പത്തു വർഷം തുടർച്ചയായി ജോലി ചെയ്തവരെയും പരിഗണിക്കണമെന്ന നിവേദനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ലഭിച്ചിരുന്നു. അവരെയും ഉൾപ്പെടുത്തും.

സ്വിഫ്ട് ശരണം

ട്രാൻസ്പോർട്ട് കമ്പനിയായ 'സ്വിഫ്ട് ' വന്നാലേ കൂടുതൽ പേർക്ക് സ്ഥിരം നിയമനം ലഭിക്കൂ. കമ്പനിയിൽ ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും വർക്ക് അറേ‌ഞ്ച്മെന്റായി നിയോഗിക്കും. അങ്ങനെ വരുന്ന ഒഴിവുകൾ ക്രമപ്പെടുത്താനായിരിക്കും പിരിച്ചുവിട്ടവർക്ക് നിയമനം. കെ.യു.ആർ.ടി.സിയിൽ ഇതുവരെ സ്ഥിര നിയമനം നൽകിയിട്ടില്ല. പുതിയ നിയമന ചട്ടം രൂപീകരിക്കും.'സ്വിഫ്ട്' രൂപീകരണത്തിൽ, ഇന്നോ നാളെയോ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ തീരുമാനമാകും. ഡയറക്ടർ ബോർഡിൽ ഉദ്യോഗസ്ഥർ മാത്രം മതിയെന്നാണ് നിലവിലെ ധാരണ. അതിൽ മാറ്റം വന്നേക്കും.