തിരുവനന്തപുരം: ഏഴുമാസം മുമ്പ് വിരമിച്ച ഡി.ജി.പി ജേക്കബ് തോമസിന് ഒടുവിൽ ശമ്പള കുടിശികയും ആനുകൂല്യവുമായി 40.88 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. വിമർശനങ്ങൾ നടത്തി സർക്കാരിന് അനഭിമതനായ ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് എം.ഡിയായാണ് വിരമിച്ചത്. കമ്പനിയുടെ സാമ്പത്തികസ്ഥിതി മാേശമായതിനാൽ ശമ്പളവും ആനുകൂല്യങ്ങളും നൽകാനാവില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം അനുവാദം വാങ്ങാതെ രചിച്ചതും ഓഖി രക്ഷാപ്രവർത്തനത്തിലെ വീഴ്ചയെ വിമർശിച്ചതും സർക്കാരിന്റെ അനിഷ്ടം ക്ഷണിച്ചുവരുത്തി.
വിജിലൻസ് ഡയറക്ടറായിരിക്കേ ഒന്നര വർഷക്കാലമാണ് സസ്പെൻഡ് ചെയ്ത് പുറത്തുനിറുത്തിയിരുന്നത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിലൂടെ തിരിച്ചെത്തിയ അദ്ദേഹത്തിന് മെറ്റൽ ഇൻഡസട്രീസ് എം.ഡിയായി നിയമനം നൽകി. എെ.എ.എസുകാരോ എെ.പി.എസുകാരോ വഹിക്കാത്ത പദവിയായിരുന്നു അത്. വിരമിക്കുന്നതിന്റെ തലേദിവസം രാത്രി മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിലെ നിലത്ത് കിടന്ന് ഉറങ്ങി പിറ്റേന്ന് പടിയിറങ്ങിയത് വാർത്തയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.