
അച്ഛന്മാർ തമ്മിലുള്ള സൗഹൃദം അടുത്ത തലമുറയിലേക്കും തുടരുകയാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. കളിക്കൂട്ടുകാരായ ഇവർക്ക് ആരാധകരും ഏറെയാണ്. ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് 'ഹൃദയം'. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
'ഹൃദയം' സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് 'ഹൃദയം'. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. നാൽപതു വർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമ്മിക്കുന്നത്. 2020 ഓണത്തിന് സിനിമ തിയേറ്ററിലെത്തും. ചിത്രത്തെക്കുറിച്ചുള്ള വീഡിയോ നേരത്തേ മോഹൻലാൽ പങ്കുവച്ചിരുന്നു. "തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിർമാണ കമ്പനി മെറിലാന്റ് 40 വർഷത്തിന് ശേഷം വൈശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിർമാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസനാണ് സംവിധായകൻ. പ്രിയദർശന്റെയും ലിസിയുടേയും മകൾ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകൻ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരൽ. ഹൃദയം!" വീഡിയോ പങ്കുവച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
പ്രണവുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും കല്യാണി സംസാരിച്ചിട്ടുണ്ട്. "എനിക്ക് അപ്പു (പ്രണവ് മോഹൻലാൽ) സഹോദരനെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുളളത് അവനൊപ്പമാകും. പ്രണവും ഞാനും ഒരുമിച്ചുളള ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടിട്ട് പ്രണവിന്റെ സഹോദരി വിസ്മയയാണ് എനിക്ക് അയച്ചുതന്നത്. ഞാൻ ഉടൻ അച്ഛനും അമ്മയ്ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. 'കണ്ടോ', 'നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു' എന്നു പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു."
"അപ്പു ആർക്കും പിടികൊടുക്കില്ല. അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേ ഇല്ല. ചെരുപ്പിടാൻ പോലും പലപ്പോഴും മറക്കും..." കല്യാണി പറയുന്നു.
"ആദി കണ്ടപ്പോൾ എനിക്കു തോന്നിയത് അവനുവേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്. മരങ്ങളിലും മലകളിലുമൊക്കെ വലിഞ്ഞു കയറാൻ പ്രണവിനെക്കവിഞ്ഞേ ആളുള്ളൂ. 'ആദി' കഴിഞ്ഞ് ഹിമാലയത്തിൽ പോയത് എന്തിനാണെന്നോ? അഭിനയിക്കാൻ വേണ്ടി മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായിപ്പോയെന്ന്. മൗണ്ടൻ ക്ലൈംബിംങ്ങിലൂടെ കൈകൾ വീണ്ടും ഹാർഡാക്കാനാണ് യാത്ര. 500 രൂപയേ കൈയ്യിൽ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയ്യിൽ പൈസ ഇല്ലാതെ വരുമ്പോൾ അനിയെ (അനി ശശി) വിളിക്കും. അക്കൗണ്ടിലേക്ക് 100 രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്. അവൻ ആർക്കും ഉപദേശം നൽകാറില്ല, ആരുടെയും പക്കൽനിന്നും ഉപദേശം തേടാറുമില്ല." കല്യാണി പഞ്ഞു.