നെയ്യാറ്റിൻകര: വൈദീക താന്ത്രിക മേഖലകളിൽ നിലനിന്ന പുഴുക്കുത്തുകളെ മാറ്റി സമൂലവും സംശുദ്ധവുമായ ഈശ്വര സാക്ഷാത്കാരത്തിന് ഉതകുന്ന ക്ഷേത്ര സങ്കല്പമാണ് ശ്രീനാരായണഗുരു വിഭാവന ചെയ്തതെന്ന് ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. ശിവഗിരി മഠം തന്ത്രിയും താന്ത്രിക ആചാര്യനുമായിരുന്ന എൻ. സുഗതൻ തന്ത്രിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണധർമ്മ വൈദീക സംഘം ട്രസ്റ്റിന്റെയും ശിവഗിരി ശ്രീനാരായണ വൈദീക പ്രചരണ സഭയുടെയും ആഭിമുഖ്യത്തിൽ അരുവിപ്പുറം പുലിവാതുക്കൽ യോഗീശ്വര ദേവക്ഷേത്രത്തിൽ നടന്ന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ വിഭാവനം ചെയ്ത ദൗത്യം ഏറ്റെടുത്തുകൊണ്ട് സ്വജീവിതം സമർപ്പണം ചെയ്യുകയായിരുന്നു സുഗതൻ തന്ത്രിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ ഡോ. ബി. സുഗീത, ശിവഗിരി ശ്രീനാരായണ ധർമ്മ വൈദീക സംഘം സെക്രട്ടറി അരുവിപ്പുറം അശോകൻ ശാന്തി, ഗുരുധർമ്മ പ്രചാരണ സഭ കോ-ഓർഡിനേറ്റർ കെ. ജയധരൻ, പുലുവാതുക്കൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ.എസ്. മനോജ്, ജയപ്രകാശ്, പുന്നാവൂർ അശോകൻ, മുല്ലൂർ ശശിധരൻ, വാസുദേവൻ ശാന്തി, എസ്. ശോഭ, വസന്ത കുമാരി, തങ്കച്ചി, വി.ജെ. അരുൺ, ശൈലജ, ജി. അജ്ജുനൻ ശാന്തി എന്നിവർ പങ്കെടുത്തു. മുരുകൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു.