തിരുവനന്തപുരം: നേമം, താമരയെ നിയമസഭിലെത്തിച്ച ബി.ജെ.പിയുടെ പ്രിയമണ്ഡം. 2016ലെ ഈ അട്ടിമറിയാണ് കേരളം ഒന്നങ്കം തിരഞ്ഞെടുപ്പ് നേരം നോക്കി നേമത്തേക്ക് കാതോർക്കുന്നത്. അതുകൊണ്ടു തന്നെ ബി.ജെ.പിയ്‌ക്കിത് ജീവൻമരണ പോരാട്ടവും. സി.പി.എമ്മിന് ഇവിടെ അഭിമാന പോരാട്ടമാണ്. പാർലമെന്റിൽ ഇവിടം അനുഗ്രഹിക്കുമെങ്കിലും നിയമസഭയെത്തുമ്പോൾ പിന്നോട്ടടിക്കുമെന്ന ചീത്തപ്പേര് മാറ്രാനാണ് യു.ഡി.എഫിന്റെ വരവ്. അതുകൊണ്ട് തന്നെ സീറ്റ് ഘടകകക്ഷികൾക്ക് നൽകുന്നതിന് പകരം ഏറ്റെടുക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഡോ. ജി.വി. ഹരി, കെ.ടി.ഡി.സി മുൻ ചെയർമാൻ വിജയൻ തോമസ് എന്നിവരിലാരെയെങ്കിലും ഇറക്കി മണ്ഡലം പിടിക്കലാണ് കോൺഗ്രസ് ലക്ഷ്യമെന്നാണ് സൂചന.
ഒ. രാജഗോപാൽ താമരക്കുമ്പിളിലാക്കിയ നേമത്ത് ഇത്തവണ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. അതേസയം യുവതാരത്തെ ഇറക്കാനാകും എൽ.ഡി.എഫിന്റെ ശ്രമം. 82ൽ കെ. കരുണാകരനെ വിജയിപ്പിച്ച മണ്ഡലാണിത്. 2006ലും 2011ലും ശിവൻകുട്ടിയാണ് നേമത്ത് ജയിച്ചത്. 2011ൽ ഒ. രാജഗോപാലിനെ 6415വോട്ടിന് തോല്പിച്ചു. പക്ഷേ 2016ൽ 8671 വോട്ടിന് ശിവൻകുട്ടിയെ രാജഗോപാൽ മലർത്തിയടിച്ചു.
കണക്കുകൾ അനുകൂലമാണെങ്കിലും മറുചേരിയിൽ യുവ സ്ഥാനാർത്ഥിയെത്തിയാൽ ബി.ജെ.പി വിയർക്കും. രാജൻ ചേട്ടൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന കുമ്മനം അണികൾക്ക് പ്രിയങ്കരനാണെങ്കിലും നിഷ്‌പക്ഷ മതികളുടെയും എതിരാളികളുടെയും വോട്ട് നേടാൻ കഴിയില്ലെന്നും, അദ്ദേഹത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടാകുമെന്നും വാദങ്ങളുമുണ്ട്. എന്നാൽ ന്യൂനപക്ഷ കേന്ദ്രീകരണം 2016ൽ ഉണ്ടായതാണെന്നും 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം 8000 വോട്ടിന്റെ ലീഡ് ഇവിടെ നേടിയെന്നുമാണ് ഇതിനുള്ള ബദൽ വാദം.
ക്രൈസ്‌തവ വോട്ടിലെ ബി.ജെ.പി വിരുദ്ധത ഒഴിവാക്കാൻ ഒരുപരിധിവരെ കഴിയുമെങ്കിലും അഞ്ച് ശതമാനം പോലും മുസ്ലീം വോട്ട് കിട്ടുമെന്ന പ്രതീക്ഷ പാർട്ടിക്കില്ല. ഇത് മറികടക്കാൻ 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടുക മാത്രമാണ് വഴി. കഴിഞ്ഞ തവണ
നേമത്ത് 47 ശതമാനം വോട്ടാണ് ബി.ജെ.പിയ്‌ക്ക് കിട്ടിയത്. അത് 50 ആക്കുക എളുപ്പമല്ലെങ്കിലും അസാദ്ധ്യമല്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഒ. രാജഗോപാലിന്റെ വ്യക്തിപ്രഭാവവും ബി.ജെ.പിയുടെ സംഘടനാ ശക്തിയുമാണ് കഴിഞ്ഞതവണ തുണയായത്. കോൺഗ്രസ് ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തിയാൽ ഇടതുപക്ഷത്തിന് പോയ കുറെ മുസ്ലീം വോട്ടുകൾ യു.ഡി.എഫ് പിടിക്കുമെന്നും അത് തങ്ങൾക്കനുകൂലമാകുമെന്നും ബി.ജെ.പി കരുതുന്നു. അതേസമയം കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ രാജഗോപാലിന് പോയ കോൺഗ്രസ് വോട്ടുകൾ യു.ഡി.എഫ് പിടിക്കുമെന്നും അതിലൂടെ തങ്ങൾക്ക് വിജയിക്കാമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ. നഗരസഭാ തിരഞ്ഞെടുപ്പിൽ 3000 വോട്ടിന്റെ ലീഡ് നേടിയതും 21ൽ 14 സീറ്ര് നേടിയതും ബി.ജെ.പിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.