ധ്രുവപ്രദേശങ്ങളിൽ എസ്കിമോകൾ ഉപയോഗിക്കുന്ന ഇഗ്ലൂ എന്ന മഞ്ഞുവീടുകളെ പറ്റി കേൾക്കാത്തവരും അവയുടെ ചിത്രങ്ങൾ കാണാത്തവരും കുറവായിരിക്കും. എന്നാൽ ഇഗ്ലൂവിനുള്ളിലിരുന്ന് നല്ല ചൂട് കാശ്മീരി കെഹ്‌വയോ ( ഒരു തരം ചായ ) കാപുചീനോയോ ആസ്വദിച്ച് കുടിച്ചിട്ടുണ്ടോ? സംഗതി തമാശയല്ല, കാര്യമാണ്. കാശ്മീരിലെ പ്രശസ്തമായ സ്നോ ഹിൽ സ്റ്റേഷനായ ഗുൽമാർഗിലുള്ള സ്വകാര്യ ഹോട്ടലായ കോലഹൈ റിസോർട്ട് ഇത്തരത്തിൽ ഒരു കിടിലൻ ഇഗ്ലൂ കഫേ ഒരുക്കിയിരിക്കുകയാണ്. കാശ്മീർ താഴ്‌വരയിൽ ആദ്യമായാണ് ഇത്തരമൊരു ഇഗ്ലൂ കഫേ ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.
ഗുൽമാർഗിലെത്തുന്ന സഞ്ചാരികൾക്ക് വ്യത്യസ്ഥ അനുഭവത്തിനായാണ് ഇഗ്ലൂ കഫേ ഒരുക്കിയതെന്ന് ഹോട്ടൽ ഉടമയായ വസീം ഷാ പറയുന്നു. സ്വിറ്റ്സർലൻഡിലെ ഇഗ്ലൂ കഫേകളാണ് തനിക്ക് പ്രചോദനമായതെന്ന് വസീം പറയുന്നു. ഫിൻലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഇഗ്ലൂ റെസ്റ്റോറന്റുകൾ പ്രചാരത്തിലുണ്ട്. ഏകദേശം 22 അടി വീതിയും 13 അടിയിലേറെ ഉയരവും ഇഗ്ലൂവിനുണ്ട്. ഏകദേശം 16 പേർക്ക് ഒരേ സമയം ഇഗ്ലൂ റെസ്റ്റോറന്റിനുള്ളിൽ പ്രവേശിക്കാം. ഇവിടുത്തെ ടേബിളുകളും ഇരിപ്പിടങ്ങളുമെല്ലാം ഐസ് കൊണ്ട് നിർമിച്ചതാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും കൊവിഡ് ലോക്ക്ഡൗണിനും പിന്നാലെ തളർന്ന കാശ്മീർ ടൂറിസത്തെ ഈ വർഷം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണിവർ. ഇത്തവണ കാശ്മീർ താഴ്‌വരയിലുണ്ടായ മഞ്ഞുവീഴ്ച ഗുൽമാർഗ് ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകളിലേക്ക് നിരവധി ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്നു.