തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സോളാർ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ട പിണറായി സർക്കാർ നടപടിയെ, 'ഇരവാദം' ഉയർത്തി പ്രതിരോധിക്കാൻ യു.ഡി.എഫ്. ഒപ്പം, ശബരിമല യുവതീപ്രവേശന വിവാദവും സജീവ ചർച്ചയാക്കാനുള്ള അണിയറ നീക്കം തുടങ്ങി.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് മേൽനോട്ടസമിതി അദ്ധ്യക്ഷനായ ഉമ്മൻ ചാണ്ടിക്ക് തടയിടാനുള്ള ഇടതുമുന്നണിയുടെ നീക്കം നാലാംകിടയാണെന്ന് പ്രചരിപ്പിക്കുന്ന യു.ഡി.എഫ്, അഞ്ച് വർഷം അനങ്ങാതിരുന്നിട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നടപടിയെ രാഷ്ട്രീയ ദുരുദ്ദേശമാണ് ആരോപിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.ഇടതുമുന്നണിയുടെ ഭാഗമായുള്ള ജോസ് കെ.മാണിയുടെയും കെ.ബി. ഗണേശ് കുമാറിന്റെയും പേരുകൾ സോളാർ കേസിൽ നേരത്തേ ഉയർന്നുവന്നിട്ടും, ഇപ്പോഴവരെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാനും നീക്കമുണ്ട്.
അതേ സമയം, കേസ് സി.ബി.ഐ ഏറ്റെടുത്താലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും യു.ഡി.എഫ് കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ് കൂട്ടുന്നു. ലൈംഗികപീഡനവുമായി ബന്ധപ്പെട്ടാണ് കേസെന്നതിനാൽ, ഏറ്റെടുത്താലുടൻ പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്ത് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കണം. അതിന്റെ അടിസ്ഥാനത്തിലേ തുടർനടപടിയിലേക്ക് നീങ്ങാനാവൂ. ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷനായ അബ്ദുള്ളക്കുട്ടിയും ഉൾപ്പെട്ട കേസായിരിക്കെ, സി.ബി.ഐ ഉടനടി ഇതേറ്റെടുക്കുമോയെന്നതിൽ ആകാംക്ഷയുണ്ട്. ഏറ്റെടുത്തില്ലെങ്കിൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാം. കോടതിയുടെ സമ്മർദ്ദമുണ്ടായാൽ സി.ബി.ഐക്ക് ഏറ്റെടുക്കേണ്ടി വരും.
സ്ത്രീപീഡനക്കേസിലെ പരാതി സി.ബി.ഐക്ക് വിടുകയെന്ന സ്വാഭാവിക നടപടിക്രമമേ സർക്കാരിൽ നിന്നുണ്ടായിട്ടുള്ളൂവെന്ന് ഇടതുകേന്ദ്രങ്ങൾ വിശദീകരിക്കുന്നു. 2006ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തലേന്ന് ,അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ വിജിലൻസ് അന്വേഷണത്തെ തള്ളി ലാവ്‌ലിൻ കേസ് സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയലാക്കോടെയല്ലേയെന്ന ചോദ്യവും ഉയർത്തുന്നു.
ലൈഫ് മിഷൻ ക്രമക്കേട്, പെരിയ ഇരട്ടക്കൊലക്കേസ് എന്നിവയിലെ സി.ബി.ഐ അന്വേഷണാവശ്യങ്ങളെ എതിർത്ത ഇടതുസർക്കാർ, സോളാർ കേസിലെടുത്ത താല്പര്യത്തിന് പിന്നിലെ രാഷ്ട്രീയക്കളി തുറന്ന് കാട്ടാൻ യു.ഡി.എഫ് ശ്രമിക്കും. അബ്ദുള്ളക്കുട്ടി ഉൾപ്പെട്ടതിനാൽ, സോളാർ കേസിലെ രാഷ്ട്രീയം ബി.ജെ.പികേന്ദ്രങ്ങളെയും ആശയക്കുഴപ്പത്തിലാക്കുന്നു. യു.ഡി.എഫിന്റെ പ്രതിരോധ നീക്കം തിരിച്ചറിയുന്ന ഇടതുമുന്നണി, സോളാർ കേസ് പ്രചരണവിഷയമാക്കൻ തൽക്കാലം ശ്രമിച്ചേക്കില്ല. കേസിലെ തുടർ വഴിത്തിരിവുകൾക്കനുസരിച്ചാവും നീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയത്തിന് ഒരു കാരണമായി യു.ഡി.എഫ് വിലയിരുത്തുന്ന ശബരിമല വിഷയം വീണ്ടും പൊടി തട്ടിയെടുക്കുന്നു..ഈ വിഷയത്തിൽ റിവ്യു ഹർജി ഉടൻ പരിഗണനയ്ക്കെടുക്കാനാവശ്യപ്പെടാൻ സർക്കാരിനോടഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടി കത്ത് നൽകിയത് ഇതിന്റെ സൂചനയാണ്.