നാഗർകോവിൽ: ചരിത്ര പ്രസിദ്ധമായ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ കൊടിമരം സ്ഥാപിച്ചു. ഇന്നലെ രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം തമിഴ്‍നാട് ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിലാണ് കൊടിമരം സ്ഥാപിച്ചത് 4 വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് 72 അടി നീളമുള്ള തേക്ക് മരം ക്ഷേത്രത്തിൽ എത്തിച്ച് എണ്ണത്തോണിയിൽ ഇട്ടിരുന്നു. ഇതാണ് കൊടിമരമായി സ്ഥാപിച്ചത്. ചടങ്ങിൽ പങ്കെടുക്കാനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ സ്ഥിതി ചെയ്യുന്ന ആദികേശവ ക്ഷേത്രം ചേരനാട്ടിലേ ശ്രീരംഗം എന്നാണ് അറിയപ്പെടുന്നത്. അനന്ദപദ്മനാഭനാണ് പ്രധാന പ്രതിഷ്ഠ. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെ ശയന രൂപത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. 22അടി നീളമുള്ള വിഗ്രഹം 1608 സാള ഗ്രാമകല്ലുകളാൽ നിർമ്മിക്കപ്പെട്ടതാണ്.