digital-voters-card

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവർക്കും ഇ.വോട്ടേഴ്സ് കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാം.ഡിജിറ്റൽ വോട്ടേഴ്സ് കാർഡിന് ഇ.എപിക് എന്നാണ് പേര്. ഇത് മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിക്കാം. പോളിംഗ് ബൂത്തിലെത്തുമ്പോൾ മൊബൈൽ ഫോണിലെ കാർഡ് കാണിച്ചാൽ മതിയെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ പറഞ്ഞു.

ദേശീയ സമ്മതിദായകദിനാഘോഷത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ പുറത്തിറക്കിയ ഡിജിറ്റൽ വോട്ടേഴ്സ് കാർഡ് രാവിലെ 11.15 മുതൽ സംസ്ഥാനത്തും ലഭ്യമാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ വേഗത്തിൽ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മീണ പറഞ്ഞു. കഴിഞ്ഞ ഡിസംബർ 31ന് മുമ്പ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയവർക്കെല്ലാം ഇൗ മാസം 31 വരെ ഇ.എപിക് ഡൗൺലോഡ് ചെയ്യാം. നിലവിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവർക്ക് ഫെബ്രുവരി ആദ്യആഴ്ച മുതലായിരിക്കും ലഭിക്കുക. ശരീരചലനങ്ങളും ഫോട്ടോയുമുൾപ്പെടെ ആളെ തിരിച്ചറിയാനുള്ള ഇ.കെ.വൈ.സിയും ഒ.ടി.പിയും ക്യു.ആർ കോഡും ഉൾപ്പടെ കർശനമായ സുരക്ഷാസംവിധാനങ്ങളോടെയാണ് ഡിജിറ്റൽ വോട്ടേഴ്സ് കാർഡ് നൽകുന്നത്. വോട്ടേഴ്സ് കാർഡിന്റെ അപേക്ഷയ്ക്കൊപ്പം സ്വന്തം മൊബൈൽ ഫോൺ നമ്പർ നൽകിയവർക്ക് മാത്രമാണ് ഇൗ സൗകര്യം. തിരുത്താനാകാത്ത തരത്തിലുള്ള പി.ഡി.എഫ് ഫോർമാറ്റിലാണിത് നൽകുക. പുതിയ വോട്ടർമാർക്ക് ഡിജിറ്റൽ കാർഡിന് പുറമേ പ്രിന്റ് ചെയ്ത കാർഡും കിട്ടും. വോട്ടേഴ്സ് കാർഡ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൽ കാർഡ് നൽകുന്നത്.ഇത് അധികസൗകര്യം മാത്രമാണെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ പറഞ്ഞു.

ഡിജിറ്റൽ വോട്ടേഴ്സ് കാർഡ് ഡൗൺലോഡ് ചെയ്യാൻ

1. https://voterportal.eci.gov.in/ ൽ രജിസ്റ്റർ അല്ലെങ്കിൽ ലോഗിൻ ചെയ്യണം
2. മെനുവിൽ ഡൗൺലോഡ് ഇ.എപിക് സെലക്ട് ചെയ്യണം
3. വോട്ടർ കാർഡ് നമ്പർ അല്ലെങ്കിൽ റഫറൻസ് നമ്പർ നൽകുക
4. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഒ.ടി.പി ലഭിക്കും. അതുപയോഗിച്ച് വെരിഫൈ ചെയ്യണം
5. ഡൗൺലോഡ് ക്ലിക്ക് ചെയ്യുക
6. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഇ.കെ.വൈ.സി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അതിൽ വിവരങ്ങൾ നൽകുക
7. ഫേസ് ലൈവ്‌നെസ് വെരിഫിക്കേഷൻ ആണ് അടുത്തപടി
8.മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്ത് കെ.വൈ.സി പൂർത്തിയാക്കി ഇ എപിക് ഡൗൺലോഡ് ചെയ്യാം