congress

തിരുവനന്തപുരം: എന്റെ ബൂത്ത്,എന്റെ അഭിമാനം കാമ്പെയിനിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 3 ന് കോൺഗ്രസിന്റെ എല്ലാ ബൂത്ത് കമ്മിറ്റികളും പുനർരൂപീകരിച്ച് നേതാക്കൾ ചുമതലയേൽക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തിന്റെ ബൂത്തായ ചോമ്പാലയിൽ ചുമതലയേറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ 126ാം നമ്പർ അങ്ങാടി ബൂത്തിന്റെയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല 51ാം നമ്പർ ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കണ്ണൂരിലും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരൻ എം.പി കണ്ണൂർ അസംബ്ലിയിലെ 132ാം ബൂത്തിലും, കൊടിക്കുന്നിൽ സുരേഷ് എം.പി കൊട്ടാരക്കര കിഴക്കേകര ബൂത്തിലും, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ജഗതി ബൂത്തിലും, കെ. മുരളീധരൻ എം.പി വടകര നഗരസഭയിലെ കരിമ്പന ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും.

തദ്ദേശസ്വയം സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ,പുതിയ ഭാരവാഹികൾ,മുതിർന്ന പാർട്ടി അംഗങ്ങൾ,വിദ്യാഭ്യാസ രംഗത്തുൾപ്പെടെ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെ ബൂത്ത് സമ്മേളനത്തിൽ ആദരിക്കും. ഓരോ ബൂത്തിന്റേയും ചുമതല മണ്ഡലം ഭാരവാഹികൾ മുതൽ കെ.പി.സി.സി. ഭാരവാഹികൾ,എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ ഏറ്റെടുത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ബൂത്ത് കമ്മിറ്റികളുടെ പുനർരൂപീകരണം. പുതിയ കമ്മിറ്റിയുടെ ലിസ്റ്റ് ഈ മാസം 30നകം കെ.പി.സി.സിക്ക് കൈമാറും. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാർക്കാണ് ഏകോപന ചുമതല.