കാട്ടാക്കട: കോട്ടൂർ -കാപ്പുകാട് റോഡിലെ കാവടിമൂല പാലത്തിന്റെ ഒരു ഭാഗം അടർന്നുവീണു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെ ദിനംപ്രതി നിരവധി സ്വകാര്യ വാഹനങ്ങൾ കടന്നുപോകുന്ന പാലമാണ് തകർന്നത്. പാലത്തിന്റെ അടിഭാഗവും സൈഡ്‌വാളും അടർന്നുവീഴാൻ തുടങ്ങിയിട്ട് നാളെറെയായി. ഏറെ വിനോദ സഞ്ചാരികളെത്തുന്ന കാപ്പുകാട് ആന സഫാരിപാർക്ക്, കോട്ടൂർ ആയൂർവേദ ആശുപത്രി, വനം വകുപ്പിന്റെ നിരവധി ഓഫീസുകൾതുടങ്ങിയ സ്ഥലത്തേക്കുള്ള ഏക റോഡിലെ പാലമാണ് അപകടാവസ്ഥയിലായത്.
കോട്ടൂർ -കുമ്പിൾമൂട് തോടിനു കുറുകെയുള്ള പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കഴിഞ്ഞ മലവെള്ള പാച്ചിലിൽ പാലം കടുതൽ അപകടാവസ്ഥയിലായതെന്ന് പ്രദേശവാസികൾ പറയുന്നു. കാലവർഷത്തിൽ പാലമുൾപ്പടെ വെള്ളത്തിനടിയിലാവുകയും ദിവസങ്ങളോളം ഇതുവഴിയുള്ള യാത്ര തടസപ്പെടുകയും ആദിവാസി മേഖല തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലുമായി. വനത്തിനുള്ളവർക്ക് പുറത്തെത്താനോ, ജനപ്രതിനിധികൾ ഉൾപ്പെടയുള്ളവർക്ക് സെറ്റിൽമെന്റുകളിലേക്ക് പ്രവേശിക്കാനോ കഴിഞ്ഞില്ല. കുത്തൊഴുക്കിൽ പാലത്തിന് ബലക്ഷയം നേരിട്ടതായി നാട്ടുകാരും പൊതുപ്രവർത്തകരും പരാതിപ്പെട്ടിരുന്നു.
രണ്ട് ദിവസം മുൻപാണ് പാലത്തിന്റെ ഭാഗം അടർന്നു വീണത്. അടർന്നുവീണഭാഗത്തിനടുത്ത് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.