vld-1

വെള്ളറട: വെള്ളറടയിൽ കടകൾ കുത്തിത്തുറന്നുള്ള മോഷണം തുടരുന്നു. ഇന്നലെ ആറാട്ടുകുഴിയിലുള്ള സുനിതയുടെ ടീ ഷോപ്പ് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയ്ക്കകത്തുണ്ടായിരുന്ന പണവും കടയുടെ ആവശ്യത്തിന് വാങ്ങിയിട്ടിരുന്ന തേങ്ങയും കവർന്നു. കൂതാളിയിൽ പുലർച്ചെ കടനടത്തുന്ന അപ്പുകോണം കിഴക്കേക്കരവീട്ടിൽ ഗോമതിയുടെ കഴുത്തിൽ കിടന്ന ഒരുപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു. കൂതാളി ജംഗ്ഷനിലുള്ള അപ്പുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്ക് വീട്ടിൽ നിന്നും മോഷ്ടിച്ച് കൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്ന് സമീപത്തെ റോഡിലിട്ട് ബൈക്ക് അടിച്ചുതകർത്തശേഷം ഉപേക്ഷിച്ചുപോയി. ഒരു മാസത്തിലേറെയായി തുടർച്ചയായി വെള്ളറടയിലും പരിസര പ്രദേശങ്ങളിലും കടകളും വീടുകളും കുത്തിതുറന്നുള്ള മോഷണം തുടങ്ങിയിട്ട്. എന്നാൽ ഇതുവരെയും മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം മോഷണം നടന്ന സ്ഥാപനങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശിച്ചു. അടിയന്തരമായി മോഷണം തടയാൻ പൊലീസ് ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.