hr

തിരുവനന്തപുരം: എട്ടാം ക്ലാസ് മുതൽ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വീണവാദനത്തിൽ മികവ് തെളിയിച്ച കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ 12–ാം ക്ലാസ് വിദ്യാർത്ഥി ഹൃദയ ആർ. കൃഷ്ണന് ഇന്നലെ ആശംസകളുടെ പ്രവാഹമായിരുന്നു. 2021 ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അർഹയായ ഹൃദയയെ ആദ്യം അനുമോദിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. പിന്നാലെ ബന്ധുക്കളും സഹപാഠികളും അദ്ധ്യാപകരും.

കല, സാംസ്കാരികം, കായികം, ധീരത, സാമൂഹികസേവനം, നവീന ആശയങ്ങൾ, വൈജ്ഞാനിക മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ 32 പ്രതിഭകൾക്കാണ് പുരസ്കാരം ലഭിച്ചത്. ഇവരുമായി പ്രധാനമന്ത്രി ഇന്നലെ വിഡിയോ കോൺഫറൻസിലൂടെ സംവദിച്ചിരുന്നു. കളക്ടറേറ്റിൽ ഒരുക്കിയ വീഡിയോ കോൺഫറസിലാണ് ഹൃദയ പ്രധാനമന്ത്രിയുടെ പ്രശംസ സ്വീകരിച്ചത്. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ഹൃദയയുടെ അമ്മ മംഗള, വനിതാശിശു വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം പൈപ്പിൻമൂട് അസറ്റ് ലിനിയേജ് 4 സിയിൽ ഡോ. എസ്. രാമകൃഷ്ണന്റെ മകളാണ് ഹൃദയ. കേന്ദ്ര സർക്കാരിന്റെ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ് സ്കോളർഷിപ്, സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികവേളയിൽ വീണവായിക്കാൻ അവസരം ലഭിച്ചു. ശാസ്ത്രീയസംഗീതത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഹൃദയേഷാണ് സഹോദരൻ.