തിരുവനന്തപുരം :ഫയലുകൾക്കുള്ളിൽ അപകടം പതിയിരിക്കുന്ന കോർപ്പറേഷനിൽ പുതിയ മേയർ ചുമതലയേറ്റ് ഒരു മാസം പൂർത്തിയാകുമ്പോഴും മേയർക്ക് നിഴലായി നിന്ന് പ്രവർത്തിക്കേണ്ട പി.എയെ ഇനിയും നിയമിച്ചില്ല. മുൻപരിചയമില്ലാത്ത ആര്യാ രാജേന്ദ്രന് ഓഫീസ് പ്രവർത്തനങ്ങളിലും ഭരണകാര്യങ്ങളിലും സഹായം അനിവാര്യമായിരുന്നിട്ടും ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടായിട്ടില്ല. പ്രവർത്തനമികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി മേയർക്ക് പി.എയെ നിശ്ചയിക്കുന്നത് പാർട്ടിയാണ്. എന്നാൽ മികവുള്ള വ്യക്തിയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരള ഗസറ്റഡ് ഓഫീസ് അസോസിയേഷനിൽ (കെ.ജി.ഒ.എ) നിന്നും ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സാദ്ധ്യത. കഴിഞ്ഞ കൗൺസിലിൽ മേയർമാരായിരുന്ന വി.കെ.പ്രശാന്തിനൊപ്പമുണ്ടായിരുന്ന ജിൻരാജും ശ്രീകുമാറിന്റെ പി.എയായിരുന്ന മനോജ് കുമാറും കെ.ജി.ഒ.എയിൽ നിന്നുള്ളവരായിരുന്നു. മേയറുടെ ഓഫീസ് പ്രവർത്തനങ്ങളുടെ പൊതുവായ ഏകോപന ചുമതല പി.എമാരാണ് നിർവഹിക്കുന്നത്. സുപ്രധാന ഫയലുകളിൽ പഠനം നടത്തേണ്ടതും വിഷയത്തിന്റെ ഗൗരവം മേയറെ ബോധിപ്പിക്കേണ്ടതും പി.എയുടെ ജോലിയാണ്. മേയറുടെ ദൈനംദിന പരിപാടികൾ ക്രമീകരിക്കുന്നതും ഇവരാണ്. മേയറെ കാണാനെത്തുന്ന പൊതുജനങ്ങളിൽ നിന്നും ആദ്യം പരാതി കേൾക്കേണ്ടതും ആവശ്യമായ പ്രാഥമിക നടപടികൾ സ്വീകരിക്കുന്നതും പി.എയാണ്.മേയറെ കാണാനായി എത്തുന്ന ഭൂരിഭാഗം പേരുടെയും ആവശ്യങ്ങൾ പരിഹരിക്കാൻ പി.എമാർക്ക് സാധിക്കും.ഇതോടെ മേയറുടെ അധികഭാരം ഒഴിവാകും. പി.എയുടെ അസാന്നിദ്ധ്യം ജീവനക്കാരുടെ പ്രവർത്തനത്തെയും ബാധിക്കും.മേയറെ അറിയിക്കാനുള്ള വിഷയങ്ങളും ഫയലുകളുമായി ജീവനക്കാർ ആദ്യം സമീപിക്കുന്നതും പി.എമാരെയാണ്.ആവശ്യമായ രീതി നിർദ്ദേശം നൽകുന്നതും പ്രാധാന്യം കണക്കിലെടുത്ത് മേയർക്ക് മുന്നിലെത്തിക്കുന്നതും ഇവരാണ്. സംഘടനയുടെ അതിപ്രസരം കൂടുതലുള്ള കോർപ്പറേഷനിൽ മേയർക്ക് കരുത്തായി പി.എ ഉടൻ എത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഫയൽ നീക്കം നിലയ്ക്കും ഭരണപ്രതിസന്ധി രൂക്ഷമാകും.