കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരായിരിക്കുമെന്നത് സംബന്ധിച്ച് ചർച്ചകൾ മുറുകി. എൽ.ഡി.എഫിൽ സി.പി.ഐയ്ക്ക് നീക്കി വച്ചിട്ടുള്ള കാഞ്ഞങ്ങാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ചും ഊഹപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. നിലവിൽ മന്ത്രി ഇ. ചന്ദ്രശേഖരനാണ് മണ്ഡലത്തിന്റെ പ്രതിനിധി. തുടർച്ചയായി രണ്ടു തവണ കാഞ്ഞങ്ങാടിനെ പ്രതിനിധീകരിക്കുന്ന മന്ത്രി ഇത്തവണ മാറി നിൽക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ ആരായിരിക്കും അദ്ദേഹത്തിന്റെ പിൻഗാമി എന്നതു സംബന്ധിച്ചാണ് ചർച്ചകൾ മുറുകിയിട്ടുള്ളത്. പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്റെ പേരും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. 87 ൽ ഒഴികെ മറ്റെല്ലായിപ്പോഴും സി.പി.ഐ സ്ഥാനാർത്ഥികൾ ജയിച്ചിട്ടുള്ള മണ്ഡലമാണ് പഴയ ഹൊസ്ദുർഗും ഇപ്പോഴത്തെ കാഞ്ഞങ്ങാടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാൽലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ. ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിൽ സി.പി.ഐ മത്സരിക്കുന്ന ഏക മണ്ഡലവും അവർക്ക് വിജയം സുനിശ്ചിതവുമായ കാഞ്ഞങ്ങാടാണ്. രണ്ടു തവണ മത്സരിച്ചവർ മാറി നിൽക്കണമെന്നതാണ് സി.പി.ഐ പൊതുവെ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതിനോട് പൂർണ്ണമായും മന്ത്രി ചന്ദ്രശേഖരൻ പിന്തുണയ്ക്കുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയെ സംബന്ധിച്ച് ചർച്ചയും ആരംഭിച്ചത്. പള്ളിപ്രം ബാലനെപ്പോലെ കണ്ണൂരിൽ നിന്ന് ആരെങ്കിലും മത്സരിക്കാൻ വരുമോയെന്നും സംശയമുണ്ട്. പാർട്ടിയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ പേരും കാഞ്ഞങ്ങട്ടേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. യുഡിഎഫിൽ കോൺഗ്രസാണ് ഇവിടെ മത്സരിക്കാറ്.