bank

ഭീമനടി: വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിന് കോൺഗ്രസ് നേതാക്കൾ തമ്മിൽ പിടിവലി തുടങ്ങി. ഫെബ്രുവരി 7 നാണ് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്. 11 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ 7 ജനറൽ സീറ്റും മൂന്ന് വനിത സീറ്റ്, ഒരു പട്ടികജാതി പട്ടികവർഗ്ഗ സംവരണ സീറ്റുമാണ്. നിലവിലുള്ള പ്രസിഡന്റ് എ.സി. ജോസിന് തന്നെ ഒരവസരം നൽകണമെന്ന ആവശ്യം നൽകണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടയിൽ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് അര ഡസനോളം പേർ പ്രസിഡന്റിന്റെ കുപ്പായം തുന്നി നടക്കുന്നുണ്ട്. ഇതിനായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ സംസ്ഥാന കോൺഗ്രസിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. രണ്ട്, മൂന്ന് നേതാക്കൾ തലസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്.

പുതിയ ഭരണ സമിതി നിലവിൽ വന്നാൽ ബാങ്കിന് പുതിയ ഒരു ബ്രാഞ്ച് കൂടി തുറക്കാൻ സാദ്ധ്യതയുണ്ട്. ശാഖ തുറക്കുമ്പോൾ പുതിയ തസ്തികകളും സൃഷ്ടിക്കപ്പെടും. ഇതിൽ കണ്ണു വെച്ചാണ് പ്രസിഡന്റ് സ്ഥാനം കൈക്കലാക്കാൻ നേതാക്കളുടെ നീക്കം. കാർഷിക വികസന ബാങ്കിൽ വാച്ച് മാൻ, പ്യൂൺ, സ്വീപ്പർ എന്നിവയിൽ നിയമനം ലഭിക്കുന്നതിന് 10 മുതൽ 20 ലക്ഷം വരെയാണ് രാഷ്ടീയ പാർട്ടികൾ ഈടാക്കുന്നത്. ചിറ്റാരിക്കാലിൽ നിന്നുള്ള കോൺഗ്രസ് നേതാവ് എന്ത് വില കൊടുത്തും പ്രസിഡന്റ് സ്ഥാനം കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. ചിറ്റാരിക്കാൽ സ്വദേശിക്ക് ഡി.സി.സി. പ്രസിഡന്റിന്റെ പിന്തുണയും ഉണ്ടെന്ന് പറയുന്നുണ്ട്.