തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സെൻട്രൽ സ്‌റ്റേഡിയത്തിൽ റിപ്പബ്‌ളിക് ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി. നീതി ആയോഗിന്റെ ദേശീയ സ്‌കൂൾ വിദ്യാഭ്യാസ ഇൻഡക്‌സിലും സംസ്ഥാനം ഒന്നാമതായി. വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഓപ്പൺ സർവകലാശാല തുടങ്ങിയതും കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ആൻഡ് ടെക്‌നോളജി സ്ഥാപിച്ചതും ഉന്നത വിദ്യാഭ്യാസത്തിൽ പ്രധാന നേട്ടങ്ങളാണ്.
വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്‌ളാസ് ഒരുക്കുന്നത് പ്രചോദനകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമായ മേഖലകളിൽ ഇന്റർനെറ്റും കുട്ടികൾക്ക് ടെലിവിഷനും ലഭ്യമാക്കി. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്കായി ആറായിരം പഠനമുറികൾ നിർമ്മിച്ചു.
വീടില്ലാത്തവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ നൽകിയത് സംസ്ഥാന സർക്കാരിന്റെ കരുതലാണ്. പി.എം.എ.വൈ ലൈഫ് പദ്ധതിയിലൂടെ രണ്ടരലക്ഷം വീടുകളാണ് നിർമ്മിച്ചത്.
ബ്രേക്ക് ദ ചെയിൻ ഉൾപ്പെടെയുള്ള നൂതന ആശയങ്ങളിലൂടെ കേരളം കൊവിഡിനെയും ഫലപ്രദമായി നേരിട്ടു. മറ്റു സംസ്ഥാനങ്ങളെക്കാൾ കൊവിഡ് മരണം ഏറ്റവും കുറഞ്ഞ നിരക്കിൽ നിലനിറുത്തിയ കേരളം ലോകത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി. 674 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 461 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ക്ഷേമവും കരുതലും എന്ന നയം സ്വീകരിക്കുകയും ലോക്ക്ഡൗൺ കാലത്ത് എല്ലാവർക്കും ഭക്ഷണം എത്തിക്കാൻ കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുകയും ചെയ്തു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റുകൾ നൽകി.
കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടം വിജയത്തിന്റെ വക്കിലാണ്. രാജ്യത്താകെ കൊവിഡ് വാക്‌സിനേഷൻ നടക്കുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും റെക്കാഡ് സമയത്ത് തയ്യാറാക്കിയ രണ്ട് വാക്‌സിനുകൾ ലോകത്തിന്റെ വിശ്വാസം ആർജ്ജിച്ചു. ഇന്ത്യൻ ശാസ്ത്രരംഗത്തെ ഇതിഹാസ മുന്നേറ്റമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. വാക്‌സിൻ വികസനത്തിൽ മാത്രമല്ല, വെന്റിലേറ്ററുകളും പി.പി.ഇ കിറ്റുകൾ നിർമ്മിക്കുന്നതിലും ഇന്ത്യയുടെ സ്വാശ്രയ ശേഷി മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വ്യക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, ബിനോയ് വിശ്വം എം.പി, എം.എൽ.എമാരായ ഒ.രാജഗോപാൽ, വി.എസ്. ശിവകുമാർ, വി.കെ.പ്രശാന്ത്, എം.വിൻസെന്റ്, ഗവർണറുടെ പത്‌നി രേഷ്‌മ ആരിഫ്, മുഖ്യമന്ത്രിയുടെ പത്നി കമല, ഗവർണറുടെ കുടുംബാംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.
രാജ്ഭവനിൽ ഗവർണറുടെ പതിവ് റിപ്പബ്ളിക് ദിന സത്കാരം കൊവിഡ് കാരണം ഒഴിവാക്കി.