apakadatthilppetta-car-
അപകടത്തിൽപ്പെട്ട കാർ

കല്ലമ്പലം: ദേശീയ പാതയിൽ കല്ലമ്പലം കടുവാപള്ളിക്ക് സമീപം തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ അഞ്ച് പേരുടെയും ജീവൻ പൊലിഞ്ഞു. കൊല്ലം കല്ലുവാതുക്കൽ ഇടവട്ടം സരോജിനി നിവാസിൽ സുരേന്ദ്രൻ പിള്ള - പുഷ്പലത ദമ്പതികളുടെ മകൻ ഉണ്ണിക്കുട്ടനെന്ന സുധീഷ്‌ (25), ചിറക്കര ഇടവട്ടം രാജേഷ് ഭവനിൽ രാമചന്ദ്രന്റെ മകൻ രാജീവ്‌ (33), ചിറക്കര താഴം അരുൺ നിവാസിൽ മധുസൂദനൻ - സുധർമ്മിണി ദമ്പതികളുടെ മകൻ അരുൺ (30), ചിറക്കര താഴം ഉദയഭവനിൽ പരേതനായ ഉദയകുമാറിന്റെയും സുധർമ്മയുടെയും മകൻ സൂര്യോദയകുമാർ (28), ചിറക്കര എ.വി. സദനത്തിൽ അരവിന്ദാക്ഷൻ ജ്യോത്സ്യൻ - വിമല ദമ്പതികളുടെ മകൻ വിഷ്ണു (29) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവറായ തമിഴ്‌നാട്‌ സ്വദേശി ക്രിസ്തുദാസിനെ (55) കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നുപേർ സംഭവ സ്ഥലത്തു വച്ചും രണ്ടുപേർ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. അമിത വേഗതയിൽ കല്ലമ്പലത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാർ,​ മീൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറ്റായ ദിശയിൽ വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നും ആരോപണമുണ്ട്. കൂട്ടിയിടിയിൽ തകർന്ന കാറിന് തീപിടിക്കുക കൂടി ചെയ്തത് രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കി. കാറിന്റെ ബോണറ്രിനുളളിൽ നിന്ന് പുക ഉയർന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കാറിനുള്ളിലുണ്ടായിരുന്നവരിൽ ചിലരെ പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. ഫയർഫോഴ്സെത്തി തീകെടുത്തിയും കാറിന്റെ ചില ഭാഗങ്ങൾ വെട്ടിപ്പൊളിച്ചുമാണ് ബാക്കിയുള്ളവരെ പുറത്തെടുത്തത്.

വിഷ്ണുവിന്റെ ഭാര്യ രാഖി തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രസവിച്ച് കിടക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം വീട്ടിൽ തിരികെയെത്തിയിരുന്നു. വീണ്ടും ഇവർ കാറുമായി ആറ്റിങ്ങലിലേക്കു പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ചിറക്കര സ്വദേശികളും സുഹൃത്തുക്കളുമായ ഇവർ സുഹൃത്തിന്റെ മകന്റെ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാൻ പോയതാണെന്നും പറയുന്നുണ്ട്. പ്ലംബിംഗ് - ഇലക്ട്രിക്കൽ ജോലിയാണ് സുധീഷിന്. ശ്രീക്കുട്ടനാണ് സഹോദരൻ. ഇൻഷ്വറൻസ് ഏജന്റാണ് അരുൺ. ആതിരയാണ് സഹോദരി. . ജെ.സി.ബി ഓപ്പറേറ്ററായ സൂര്യോദയകുമാർ അവിവാഹിതനാണ്. മാതാവ്: സുധർമ്മ, ആര്യോദയകുമാറാണ്

സഹോദരൻ. സൂര്യയാണ് രാജീവിന്റെ ഭാര്യ. മകൾ: ആരുഷി. വെഡിംഗ് ഫോട്ടോഗ്രാഫറായ വിഷ്ണു വല്ലപ്പോഴും വിസ്മയ ചാനലിനും ഫോട്ടോഗ്രാഫറായി ജോലിചെയ്യുമായിരുന്നു. അപകടത്തിൽപ്പെട്ട കാർ വിഷ്ണുവിന്റേതാണ്.