1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി ശുചീകരണ യജ്ഞത്തിന് തുടക്കമായി. റിപ്പബ്ലിക് ദിനത്തിൽ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ ആകാശത്തേക്ക് ആരോഗ്യ- ശുചിത്വ ബലൂണുകൾ പറത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കേരള മിഷന് കൈമാറും, ഭക്ഷണ അവശിഷ്ടങ്ങൾ അടക്കമുളള മാലിന്യങ്ങൾ കാർഷിക ആവശ്യങ്ങൾക്ക് നൽകും. വിവിധ ഘട്ടങ്ങളായാണ് ശുചിത്വ യജ്ഞം നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം അമരവിള ചെക്ക് പോസ്റ്റ് മുതൽ കൂട്ടലിക്കോണം വരെയും മൂന്നാംഘട്ടം മാമ്പഴക്കര മുതൽ ഓലത്താന്നി വരെയുള്ള വാർഡുകളിലും നാലാംഘട്ടം ഊരൂട്ടുകാല മുതൽ ഓലത്താന്നി വരെയുമാണ്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്‌ളിൻ, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.