1

നെയ്യാറ്റിൻകര: കാമുകനോടൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്ന കാച്ചാണി സുമ ഭവനിൽ വരദരാജന്റെ ഭാര്യ സുജ (39) യെ നെയ്യാറിലെ പിരായുംമൂട് കടവിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ വീട്ടു ജോലിക്കാരിയാണ്. നെയ്യാറ്റിൻകരയിൽ ഫ്രൂട്സ് കട തൊഴിലാളിയായ പിരായുംമൂട് സ്വദേശി ഉണ്ണികൃഷ്ണനുമൊത്താണ് സുജ പിരായുംമൂട്ടിലെ വാടക വീട്ടിൽ താമസിച്ചിരുന്നത്. സംഭവ ദിവസം ഉണ്ണികൃഷ്ണനും സുജയുമായി കടവിൽ തുണികൾ നനയ്ക്കാനും കുളിക്കാനും എത്തിയിരുന്നു. കുളിക്കാനിറങ്ങിയ സുജ കയത്തിൽ മുങ്ങിപ്പോയി. ഉണ്ണികൃഷ്ണൻ വിവരം ആരെയും അറിയിക്കാതെ തുണിയുമായി വീട്ടിലേക്കു പോവുകയും അവിടെ മദ്യപിച്ചിരിക്കുകയും ചെയ്തു. മണിക്കൂറുകൾ പിന്നിട്ടിട്ടും സുജ വരാത്തതിനെകുറിച്ച് ഇവർ താമസിച്ചിരുന്ന വീടിന്റെ ഉടമ ആരാഞ്ഞെങ്കിലും സുജ നാട്ടിലേക്കു പോയെന്നായിരുന്നു ഉണ്ണികൃഷ്ണൻ പറഞ്ഞത്. പിന്നീട് സുജയുടെ മൃതദേഹം കരയ്ക്കടിഞ്ഞത് നാട്ടുകാർ കാണുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണനെ പൊലീസ് ചോദ്യംചെയ്തുവരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുജയുടെ ബന്ധുക്കൾ ആരോപിച്ചു. സുജിത്താണ് സുജയുടെ മകൻ.പിതാവിനൊപ്പമാണ് താമസം.