sivagiri

ശ്രീനാരായണ ഗുരുദേവൻ മഹാസങ്കല്പം ചെയ്ത് സ്ഥാപിതമായ ശിവഗിരി മതമഹാപാഠശാല അഥവാ ബ്രഹ്മവിദ്യാലയം കനകജൂബിലി പുണ്യദിനത്തിലേക്ക് പ്രവേശിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി ഗുരുദേവൻ നിരവധി സ്ഥാപനങ്ങൾക്ക് രൂപം നൽകിയെങ്കിലും തൃപ്പാദങ്ങൾ ഏറ്റവും മഹത്തരമായി സങ്കല്പം ചെയ്ത് സ്ഥാപിച്ച മഹിതമായ പ്രസ്ഥാനമാണ് ശിവഗിരി മത മഹാപാഠശാല. ശിവഗിരി മഠവും മഹാഗുരുവിന്റെ സംന്യസ്ത ശിഷ്യ പരമ്പരയും ദേശകാലാതിവർത്തിയായി എക്കാലവും സുസ്ഥിരമായി നിലകൊള്ളുന്നതിനു വേണ്ടി സ്ഥാപിതമായതാണ് ശിവഗിരിയിലെ ഈ മഹാവിദ്യാലയം.

ലോകചരിത്രത്തിൽ രണ്ടാമതും ഏഷ്യയിൽ ഒന്നാമതായും ആലുവയിൽ വച്ചു ഗുരുദേവൻ നടത്തിയ സർവമത മഹാസമ്മേളനത്തിന്റെ തുടർച്ചയായാണ് ശിവഗിരിയിലെ മത മഹാപാഠശാല. സർവമത മഹാസമ്മേളനത്തിന്റെ അവസാനം മഹാഗുരു നൽകിയ മഹാസന്ദേശം അവിടത്തെ അന്തരാത്മാവിന്റെ പ്രകടിത രൂപമാണെന്ന് പറയാം. എല്ലാ മതങ്ങളുടെയും പരമോദ്ദേശം ഒന്നാണെന്നും ഭിന്ന മതാനുയായികൾ തമ്മിൽ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മത മഹാ സമ്മേളനത്തിൽ നടന്ന പ്രസംഗങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നതിനാൽ നാം ശിവഗിരിയിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന മത മഹാപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാകണമെന്ന് വിചാരിക്കുന്നു. സ്ഥാപനത്തിന്റെ തൃപ്തികരമായ നടത്തിപ്പിന് അഞ്ചുലക്ഷം രൂപ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്ന് വിചാരിക്കുന്നു." എന്ന് നാരായണഗുരു.

1924ൽ മതമഹാപാഠശാലയ്ക്കായി ഗുരു കണ്ട അഞ്ചുലക്ഷം രൂപ ഇന്നാണെങ്കിൽ എത്ര കോടിയായിരിക്കും. ശ്രീനാരായണ ഗുരുദേവന്റെ ഉള്ളിലുണ്ടായിരുന്ന മഹാപാഠശാലയുടെ വലിപ്പവും മഹനീയതയും ഊഹിക്കാമല്ലോ. ഭാരതത്തിൽ മറ്റൊരു ഗുരുവും പ്രസ്ഥാനവും ഇപ്രകാരം സർവ മതസിദ്ധാന്തങ്ങളും സമഭാവനയോടെ പഠിച്ചറിയാൻ ഒരു പാഠശാല വിഭാവനം ചെയ്തിട്ടില്ല. ഗുരുവിനെപ്പോലെ ഒരു മഹാത്മാവിനെ ലോകത്തൊരിടത്തും എനിക്കു കാണാൻ സാധിച്ചിട്ടില്ലെന്ന മഹാകവി ടാഗോറിന്റെ അഭിമതവും ഇതോടു ചേർന്ന് പഠിക്കാം. സർവമത സമ്മേളനത്തിന്റെ ശതാബ്ദിക്ക് ഇനി മൂന്നു വർഷമേയുള്ളൂ. 1924 മുതൽ എല്ലാ വർഷവും മുടങ്ങാതെ ആലുവ അദ്വൈതാശ്രമത്തിൽ സർവമത മഹാസമ്മേളനം നടന്നുവരുന്നു.

1925 ഒക്ടോബർ 17ന് മതമഹാപാഠശാലയ്ക്ക് ശിവഗിരിയിൽ ഗുരുദേവൻ തൃക്കൈകൾ കൊണ്ട് ശിലാസ്ഥാപനം നിർവഹിച്ചു. പാഠശാല ഉയർന്നു കാണാൻ ഗുരുദേവൻ അതിയായി ആഗ്രഹിച്ചിരുന്നു. 1928 സെപ്തംബറിൽ ഗുരുദേവൻ നിർവാണം പ്രാപിച്ചു. പല കാരണങ്ങൾ കൊണ്ടും ബ്രഹ്മവിദ്യാലയം പെട്ടെന്ന് ആരംഭിക്കാൻ ഗുരുദേവന്റെ ശിഷ്യഗണങ്ങൾക്കായില്ല. അതിന് 1970 വരെ കാത്തിരിക്കേണ്ടി വന്നു. അക്കൊല്ലത്തെ ശിവഗിരി തീർത്ഥാടന വേളയിൽ 1970 ഡിസംബർ 31ന് ഗുരുദേവ ശിഷ്യ പ്രമുഖനും അവസാനത്തെ ശിവഗിരി മഠാധിപതിയുമായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികൾ ബ്രഹ്മവിദ്യാലയം ഉദ്ഘാടനം ചെയ്തു. 1971 ജനുവരി 28ന് മതമഹാപാഠശാലയിൽ അദ്ധ്യയനം ആരംഭിച്ചു. ആത്മോപദേശ ശതകത്തിലെ ആദ്യ മന്ത്രം ശങ്കരാനന്ദസ്വാമിയാണ് മുഖ്യാചാര്യനായ എം.എച്ച്. ശാസ്ത്രി സാറിന് ഉപദേശിച്ചുകൊടുത്തത്. ഏഴ് വർഷം നീണ്ടുനിൽക്കുന്ന പഠനകോഴ്സ് . സംസ്കൃത കോളേജിലെ എം. എ വരെയുള്ള സംസ്കൃത വിഷയങ്ങളും ഗുരുദേവ കൃതികളും ഭാരതീയ ദർശനങ്ങളും പ്രസ്ഥാനത്രയവും ഉപനിഷദ് - ഭഗവത് ഗീത - ബ്രഹ്മസൂത്രം കൂടാതെ ഷട്ദർശനങ്ങളും ഹൈന്ദവ, ബുദ്ധ, ക്രൈസ്തവ, ഇസ്ളാം മതഗ്രന്ഥങ്ങളും പാശ്ചാത്യ ദർശനങ്ങളും പാഠ്യപദ്ധതിയിൽപ്പെടുന്നു. കോഴ്സ് പൂർത്തിയാകുമ്പോൾ ബ്രഹ്മവിദ്യാചാര്യ എന്ന ബിരുദം നൽകുന്നു. കൂടാതെ വാസനയും യോഗ്യതയുമുള്ളവർക്ക് സംന്യാസദീക്ഷ നൽകി ശ്രീനാരായണ ധർമ്മസംഘത്തെ ശിഷ്യപരമ്പരകളിൽ അംഗത്വം നൽകുന്നു. സന്യാസി ആകാൻ താത്പര്യമില്ലാത്തവർ ജാതിമതദേശ ഭേദമില്ലാതെ വിശ്വപൗരന്മാരായി അംഗീകരിക്കപ്പെടുന്നു. ഇവർക്ക് തുടർന്ന് അക്കാദമിക് സിലബസ് അനുസരിച്ച് പരീക്ഷ എഴുതി സംസ്കൃത അദ്ധ്യാപകരായി മാറാം. അങ്ങനെ അദ്ധ്യാപകരായിത്തീർന്നവർ നിരവധിയുണ്ട്. കൂടാതെ ശ്രീനാരായണ സന്ദേശ പ്രചാരകരായി ഭാരതത്തിനകത്തും പുറത്തുമായി സേവനം ചെയ്യാവുന്നതാണ്. ഈ ഏഴുവർഷ കോഴ്സിൽ ചേർന്നു പഠിക്കുന്നവരുടെ മുഴുവൻ ചെലവുകളും ശിവഗിരി മഠമാണ് വഹിക്കുന്നത്. കോഴ്സിൽ ചേർന്ന് അദ്ധ്യയനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജനറൽ സെക്രട്ടറി, ശിവഗിരി മഠം, വർക്കല എന്ന വിലാസത്തിൽ അപേക്ഷിക്കാം.

ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി വർഷത്തിൽ സ്വയം ആത്മശക്തി നേടാനും പാഠശാലയുടെ വികസനത്തിനായി പ്രവർത്തിക്കാനും വിവേകികളായി മുന്നേറാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.