ഡൽഹി കീഴടക്കുകയല്ല, രാജ്യത്തെ ജനങ്ങളുടെ ഹൃദയം കവരുകയാണു ലക്ഷ്യം എന്ന സന്ദേശവുമായി രാജ്യതലസ്ഥാനത്ത് ട്രാക്ടർ പരേഡിനെത്തിയ കർഷകർ രാജ്യത്തിനാകെ തീർത്താൽ തീരാത്ത നാണക്കേടാണു വരുത്തിയത്. രാജ്യം പരമാധികാര റിപ്പബ്ളിക്കായതിന്റെ വാർഷികം ആഘോഷിക്കുന്ന അഭിമാന മുഹൂർത്തം ഇത്തരത്തിലൊരു അഴിഞ്ഞാട്ടത്തിനും ക്രമസമാധാനത്തകർച്ചയ്ക്കും വഴിമാറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ല. ഭരണകൂടവും മുൻനിര രാഷ്ട്രീയക്കാരും നീതിപീഠവുമൊക്കെ ഇത്തരത്തിലൊരു സാഹചര്യമുണ്ടായതിന് ഉത്തരവാദികളാണ്. രണ്ടുമാസത്തിലധികമായി കൊടുംതണുപ്പിലും പ്രതികൂല പരിതസ്ഥിതിയിലും സമരം ചെയ്തുവരുന്ന കർഷകരുടെ അമർഷമാണ് ചൊവ്വാഴ്ച ഡൽഹി നഗരവീഥികളിൽ അണപൊട്ടി ഒഴുകിയതെന്ന ന്യായീകരണം നിരത്തി സംഭവത്തെ ലഘൂകരിച്ചതു കൊണ്ടായില്ല. ഒരു ഡസൻ തവണയാണ് കർഷകരുമായി സർക്കാർ ഒത്തുതീർപ്പു ചർച്ചകൾ നടത്തിയത്. ഓരോ തവണയും ചർച്ച പരാജയപ്പെട്ടത് കർഷക സംഘടനകളുടെ ഒട്ടുംവിട്ടുവീഴ്ചയില്ലാത്ത സമീപനം കാരണമാണ്. സർക്കാർ ഭാഗത്ത് ഓരോ തവണയും പുതിയ നിർദ്ദേശങ്ങൾ വന്നതാണ്. ഏറ്റവും ഒടുവിൽ വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തോളം നീട്ടിവയ്ക്കാൻ വരെ സന്നദ്ധമായി. നിയമത്തിലെ തർക്ക വകുപ്പുകളെക്കുറിച്ചുള്ള കർഷക യൂണിയനുകളുടെ എതിർപ്പ് പരമാവധി കുറയ്ക്കാനുള്ള ഉപാധികളെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്താമെന്ന നിർദ്ദേശം പലവുരു മുന്നോട്ടുവച്ചു. എന്നാൽ വിവാദ നിയമങ്ങൾ അപ്പാടെ പിൻവലിച്ചാൽ മാത്രമേ സമരം നിറുത്തിവയ്ക്കൂ എന്ന കടുത്ത വാശിയിലാണ് കർഷക യൂണിയനുകൾ . സമരം നീണ്ടുപോകുന്നതിനു കാരണവും ഇതുതന്നെ. മാസങ്ങളല്ല, വർഷങ്ങൾ തന്നെ നീണ്ടുപോയാലും വിവാദമുയർത്തിയ മൂന്നു കാർഷിക പരിഷ്കരണ നിയമങ്ങളും പൂർണമായി പിൻവലിക്കുന്നതുവരെ മടക്കമില്ലെന്ന പ്രഖ്യാപനം അണികളിൽ ആവേശം ജനിപ്പിച്ചേക്കും. എന്നാൽ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും സമരം നയിക്കുന്ന സംഘടനാ നേതൃത്വത്തിന് ബോദ്ധ്യമുണ്ടാകണം. പ്രക്ഷോഭം തുടങ്ങുന്നതു പോലെയോ കുറച്ചു ദിവസം ആഘോഷപൂർവം നടത്തിക്കൊണ്ടു പോകുന്നതു പോലെയോ എളുപ്പമല്ല അനുയോജ്യമെന്നു തോന്നുന്ന ഒരു ഘട്ടമുണ്ടാക്കി അത് അവസാനിപ്പിക്കുന്നത്. നേതൃപാടവവും ഉയർന്ന അളവിൽ നേതൃഗുണവും ആവശ്യമായ ഒരു സന്ദർഭമാണത്. കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിക്കുക എന്ന രീതിയിൽ കർഷക സമരം വഴിമാറുമ്പോൾ പ്രശ്നപരിഹാരത്തിനുള്ള സാദ്ധ്യതയും അകന്നകന്നു പോകും.
രണ്ടുമാസത്തിലധികമായി ഡൽഹിയുടെ പ്രവേശന കവാടങ്ങളിൽ തമ്പടിച്ച് സമരം ചെയ്യുന്ന കർഷകർ റിപ്പബ്ളിക് ദിനത്തിൽ ട്രാക്ടറുകളുമായി നഗരം കീഴടക്കാനെത്തുമെന്ന് മുൻകൂർ അറിയിപ്പുണ്ടായിരുന്നതാണ്. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ സുദിനം ഒരുവിധത്തിലും കളങ്കിതമാകാൻ പാടില്ലാത്തതാണ്. രാജ്യത്തിന്റെ അസ്തിത്വത്തിലും പുരോഗതിയിലും വളർച്ചയിലും അഭിമാനബോധമുള്ളവരാരും തന്നെ ക്രമസമാധാനത്തിനു ഭംഗം വരുത്തുന്ന ഒരു നടപടിയിലേക്കും ഈ ദിനത്തിൽ നീങ്ങുകയില്ല. രാജ്യത്തെയാകമാനം ജനങ്ങളെയും ത്രസിപ്പിക്കുകയും അവരിൽ അഭിമാനബോധം ഊട്ടിയുറപ്പിക്കുകയും ചെയ്ത റിപ്പബ്ളിക് ദിന പരേഡ് അവസാനിക്കും മുൻപുതന്നെ ട്രാക്ടറുകളുമായി ഡൽഹി വീഥികളിലേക്കു കുതിച്ചെത്തിയവർ മണിക്കൂറുകൾക്കകം അക്ഷരാർത്ഥത്തിൽ നിയമം കൈയിലെടുക്കുന്ന കാഴ്ചയാണു കണ്ടത്. പൊലീസ് സംവിധാനങ്ങൾ പൂർണമായും പരാജയപ്പെടുന്നതും ജീവരക്ഷാർത്ഥം അവർ ഓടിപ്പായുന്നതും ദയനീയ കാഴ്ചയായിരുന്നു. ഒരു തരത്തിലുള്ള ക്രമസമാധാന ഭംഗവും സൃഷ്ടിക്കുകയില്ലെന്ന കർഷക യൂണിയനുകളുടെ ഉറപ്പ് പാഴ്വാക്കായി. അക്രമം നടത്തിയത് തങ്ങളുടെ ആൾക്കാരല്ലെന്നാണ് എല്ലാം കഴിഞ്ഞപ്പോൾ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറി അക്രമം നടത്തുന്നത് തടയാനുള്ള ഉത്തരവാദിത്വം സംഘടനകൾക്കു തന്നെയാണ്. കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ പശ്ചാത്തപിച്ചിട്ടു കാര്യമില്ലെന്നോർക്കണം. വരും വരായ്കകൾ മുൻകൂട്ടി അറിഞ്ഞാണ് സമാധാന കാംക്ഷികളായ ചിലർ നേരത്തെ പ്രശ്നത്തിൽ കോടതിയുടെ സഹായം തേടിയത്. ട്രാക്ടർ റാലി തടയണമെന്ന അപേക്ഷ കോടതിയും നിരാകരിക്കുകയായിരുന്നു. ജനാധിപത്യ അവകാശങ്ങൾ ഹനിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി ഉപാധികളോടെ റാലിക്ക് അനുമതി നൽകിയത്. ഉപാധികൾ നഗ്നമായി ലംഘിക്കപ്പെടുന്നതും വാളെടുത്തവരൊക്കെ വെളിച്ചപ്പാടന്മാരാകുന്നതും റാലിക്കിടെ കണ്ടു.
സംഘർഷം സർവ അതിരുകളും ലംഘിക്കുന്ന വിധത്തിലായിട്ടും ഡൽഹി പൊലീസിന്റെ ഭാഗത്തു ദൃശ്യമായ സംയമനം പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്. അവരും പ്രകോപിതരായിരുന്നെങ്കിൽ വലിയ തോതിൽ ആൾനാശം ഉണ്ടാകുമായിരുന്നു. അതിസാഹസികതയ്ക്കു മുതിർന്ന ട്രാക്ടറുകളിലൊന്ന് ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടതൊഴികെ മറ്റു ജീവനാശം ഉണ്ടാകാതിരുന്നത് ഭാഗ്യം തന്നെ.
സമരം തുടരുമെന്ന് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കെ പ്രശ്നം അതേപടി അവശേഷിക്കുകയാണ്. സമരത്തിന് കലവറയില്ലാത്ത പിന്തുണ നൽകുന്ന രാഷ്ട്രീയ നേതാക്കളും സർക്കാർ പ്രതിനിധികളുമൊക്കെ ചേർന്ന് തർക്ക പ്രശ്നത്തിന് പരിഹാരം കണ്ടുപിടിച്ചേ മതിയാകൂ. പ്രക്ഷോഭത്തിൽ മുന്നിട്ടുനിൽക്കുന്ന കർഷകരെ പ്രതിനിധീകരിക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്ക് ദൗത്യത്തിൽ മുഖ്യപങ്കുണ്ടായിരിക്കണം. നിയമം കേന്ദ്രത്തിന്റേതാണെങ്കിലും നടപ്പാക്കേണ്ട ബാദ്ധ്യത സംസ്ഥാനങ്ങൾക്കാണല്ലോ. ഇതിനകം ചില സംസ്ഥാനങ്ങൾ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുകയില്ലെന്നു തീരുമാനമെടുത്ത വസ്തുത സ്മരണീയമാണ്. അങ്ങനെ വരുമ്പോൾ കർഷക സമരത്തിനു മുമ്പിൽ നിൽക്കുന്ന സംഘടനകൾക്ക് തങ്ങളുടെ സംസ്ഥാനങ്ങളെക്കൊണ്ട് അനുകൂല നിലപാടെടുപ്പിക്കാൻ എന്താണു തടസം. മണ്ഡി സമ്പ്രദായം വേണ്ടെന്നു അവർ തീരുമാനിച്ചാൽ ആർക്കു തടയാനാകും? പുതിയ നിയമത്തെക്കുറിച്ചോ അതിലെ വകുപ്പുകളെക്കുറിച്ചോ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത കോടിക്കണക്കിനു കർഷകരും രാജ്യത്തുണ്ടെന്നു മറക്കരുത്. കർഷക സമരത്തിനു പിന്നിലും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നതാണ് പ്രശ്ന പരിഹാരത്തിനു പ്രധാന തടസമായി നിൽക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ ബോദ്ധ്യമാകും. പരിഹാരം നീളുന്നതും അതുകൊണ്ടാണ്.