laika

മനുഷ്യരെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് മൃഗങ്ങളും. പണ്ട് കാലങ്ങളിൽ ഗവേഷണങ്ങൾക്കുൾപ്പെടെ മനുഷ്യർ മൃഗങ്ങളുടെ ജീവനായിരുന്നു വ്യാപകമായി പരീക്ഷണ വസ്തുവാക്കിയിരുന്നത്. ഇന്നും ചരിത്രം പരിശോധിക്കുമ്പോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞ ചില ജീവികളുടെ പേര് തെളിഞ്ഞു കാണാം. ഇക്കൂട്ടത്തിൽ ചിലത് മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ജീവൻ സമർപ്പിച്ചവയാണ്. ചിലതാകട്ടെ, മനുഷ്യർക്കായി ജീവിച്ച് മനുഷ്യരെ പോലും അത്ഭുതപ്പെടുത്തിയവ. ഇനി മറ്റു ചില മൃഗങ്ങൾ അറിഞ്ഞോ അറിയാതെയോ മനുഷ്യരുടെ ക്രൂരതകൾക്കിരയായവരാണ്. ഇതിന്റെ പ്രതിനിധികളായി ഇന്നും ഓർമയിൽ നിന്നും മായാത്താവരാണിവർ...

 ഫെലിസെറ്റ്

വെളുപ്പിൽ കറുത്ത പുള്ളികളോട് കൂടിയ ' ഫെലിസെറ്റ് ' ആണ് ബഹിരാകാശത്തേക്കെത്തി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ഒരേയൊരു പൂച്ച. 1963 ഒക്ടോബർ 18ന് ഫ്രഞ്ച് സ്‌പെയ്സ് ഏജൻസിയാണ് ഫെലിസെറ്റിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്. ഭൂമിയിൽ നിന്നും 157 കിലോമീറ്റർ ഉയരത്തിൽ ഫെലിസെറ്റിനെയും വഹിച്ച് ബഹിരാകാശ പേടകം പറന്നു. ബഹിരാകാശയാത്ര നാഡീ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ഗവേഷകർ ഫെലിസെറ്റിന്റെ തലയിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരുന്നു. ഭൂമിയിലേക്ക് തിരിച്ചെത്തിയെങ്കിലും ഫെലിസെറ്റിന്റെ ജീവിതം പിന്നീട് ഗവേഷണ പഠനങ്ങൾക്ക് അർപ്പിക്കുകയായിരുന്നു. ഭൂമിയിലെത്തി രണ്ട് മാസത്തിന് ശേഷം ഫെലിസെറ്റിനെ ദയാവധത്തിന് വിധേയമാക്കി. ഫെലിസെറ്റിന്റെ തലയിലെ ഇലക്ട്രോഡുകൾ നീക്കം ചെയ്‌ത് പഠനങ്ങൾ നടന്നു. മരിച്ച് 50 വർഷങ്ങൾ പിന്നിട്ട ശേഷമാണ് ഫെലിസെറ്റിന് ഒരു സ്‌മാരകം ഫ്രാൻസിലുയർന്നത്.

 ഷെർ എമി

ഒന്നാം ലോകമഹായുദ്ധ കാലത്ത് സന്ദേശങ്ങൾ കൈമാറാൻ അമേരിക്കൻ സൈന്യം ഉപയോഗിച്ചിരുന്ന പ്രാവാണ് ' ഷെർ എമി '. 1918 ൽ ഫ്രാൻസിൽ വച്ച് ഫ്രഞ്ച് - അമേരിക്കൻ സംയുക്ത സൈന്യവും ശത്രുവായ ജർമനിയും തമ്മിൽ യുദ്ധം നടക്കവെ ഒറ്റപ്പെട്ടു പോയ അമേരിക്കൻ സൈന്യത്തിലെ 194 ഭടൻമാരെ രക്ഷിച്ചത് ഷെർ എമി ആണ്. ചുറ്റും ജർമൻ പട്ടാളം തമ്പടിച്ചിരുന്നതിനാൽ, അമേരിക്കൻ സേനയ്ക്ക് ഫ്രഞ്ച് സേനയ്ക്ക് സന്ദേശം കൈമാറാൻ യാതൊരു മാർഗവുമില്ലായിരുന്നു.

ഒടുവിൽ, ഇടത്തേ കാലിൽ കെട്ടിവച്ചിരുന്ന അമേരിക്കൻ ബറ്റാലിയന്റെ സന്ദേശവുമായി ഫ്രഞ്ച് ക്യാമ്പ് ലക്ഷ്യമാക്കി എമി പറന്നു. ജർമൻ പട്ടാളം എമിയ്‌ക്ക് നേരെ വെടിവയ്‌ക്കാൻ തുടങ്ങി. പറന്ന് അധികം എത്തുന്നതിന് മുമ്പ് തന്നെ എമിയ്‌ക്ക് വെടിയേറ്റു. എന്നാൽ എമി തന്റെ മുറിവുമായി വീണ്ടും പറന്നു. അങ്ങനെ വെറും 25 മിനിറ്റ് കൊണ്ട് 40 കിലോമീറ്റർ ദൂരം താണ്ടി എമി ഫ്രഞ്ച് ക്യാമ്പിലെത്തി. സന്ദേശം ലഭിച്ചയുടൻ ഫ്രഞ്ച് സൈനികർ ഒറ്റപ്പെട്ടുപോയ അമേരിക്കൻ സൈനികരെ രക്ഷപ്പെടുത്തി.

ജർമൻ സൈനികരുടെ ആക്രമണത്തിൽ എമിയുടെ ഒരു കണ്ണിന്റെ കാ‌ഴ്‌ച നഷ്‌ടമാകുകയും ഒരു കാൽ ഒടിയുകയും ചെയ്തു. ധീരയായ എമിയ്‌ക്ക് സൈനികർ ഒരു ചെറിയ മരക്കാൽ ഘടിപ്പിച്ച് നൽകി. പിന്നീട് അമേരിക്കയിലേക്ക് കൊണ്ടു പോയ എമി 1919 ജൂൺ 13ന് ന്യൂജേഴ്സിയിൽ വച്ചാണ് ലോകത്തോട് വിടപറഞ്ഞത്.

 ടൈക്ക്

ഓർമ വച്ചനാൾ മുതൽ സർക്കസ് കൂടാരത്തിനുള്ളിൽ പരിശീലകരുടെ ഉപദ്രവങ്ങൾ നേരിടുകയും ഒടുവിൽ സഹികെട്ട് രക്ഷപ്പെടാൻ ശ്രമിക്കവെ മനുഷ്യരാൽ കൊല്ലപ്പെടുകയും ചെയ്ത ആഫ്രിക്കൻ പിടിയാനയാണ് ' ടൈക്ക്'. 1974ൽ മൊസാംബിക്കിൽ ജനിച്ച ടൈക്കിന്റെ ലോകം സർക്കസ് കൂടാരമായിരുന്നു. കാഴ്ചക്കാരുടെ മുന്നിൽ വച്ച് ടൈക്കിനെ പതിവായി തല്ലിയിരുന്നു.

1994 ഓഗസ്‌റ്റ് 20ന് ഹവായിയിലെ സർക്കസ് ഇന്റർനാഷണലിന്റെ കൂടാരത്തിൽ ഷോയ്ക്കിടെ അക്രമാസക്തനായ ടൈക്ക് പരിചാരകരെ തട്ടിയെറിയുകയും ട്രെയിനറെ ചവിട്ടി കൊല്ലുകയും ചെയ്തു. ഷോ കാണാനെത്തിയവർ ജീവനും കൊണ്ട് പുറത്തേക്കോടി. സർക്കസ് കൂടാരത്തിൽ നിന്നും രക്ഷപ്പെടാനായി തിരക്കേറിയ തെരുവിലൂടെ ടൈക്കും ഇറങ്ങിയോടി.

ഇതിനിടെ കണ്ണിൽക്കണ്ട വാഹനങ്ങളൊക്കെ തട്ടിമാറ്റി. മനുഷ്യരിൽ നിന്നും രക്ഷപ്പെടാനായി തെരുവിലൂടെ ഓടുന്നതിനിടെ അധികൃതർ 86 തവണ ടൈക്കിനെ വെടിവച്ചു. രക്തത്തിൽ കുളിച്ച ടൈക്ക് ഒടുവിൽ ചരിഞ്ഞു. ടൈക്കിന്റെ മരണത്തിന് പിന്നാലെ സർക്കസുകളിൽ മൃഗങ്ങൾക്ക് നേരെ നടന്നിരുന്ന അതിക്രമങ്ങൾക്കെതിരെ അമേരിക്കയിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

 ലെയ്ക

ഭൂമിയിൽ നിന്ന് ബഹിരാകാശത്തെത്തിയ ആദ്യ ജീവിയാണ്‌ മോസ്കോയിലെ തെരുവിൽ ജനിച്ചു വളർന്ന ' ലെയ്ക ' എന്ന നായ. സോവിയറ്റ് യൂണിയന്റെ സ്പുട്നിക് 2 പേടകത്തിൽ 1957 നവംബർ 3നാണ് ലെയ്ക ബഹിരാകാശത്തേക്കത്തിയത്. എന്നാൽ ഭൂമിയുടെ ഭ്രമണപഥം കടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ചൂടും സമ്മർദ്ദവും സഹിക്കാനാകാതെ ലെയ്കയ്ക്ക് ജീവൻ നഷട്മാവുകയായിരുന്നു.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന്റെ ചവിട്ടുപടിയായിരുന്നു ലെയ്കയുടെ യാത്ര. ജീവനോടെ ഭൂമിയിൽ തിരിച്ചെത്തിക്കാനാകില്ലെന്ന തിരിച്ചറിവോടെയാണ് ശാസ്ത്രജ്ഞർ ലെയ്കയെ ബഹിരാകാശത്തേക്കയച്ചത്. നടക്കുന്നത് എന്താണെന്നറിയാതെ നിഷ്കളങ്കമായ മുഖത്തോടെ ആകാശത്തേക്ക് യാത്രയായ ലെയ്ക ഇന്നും ശാസ്ത്രലോകത്തിന് തീരാവേദനയാണ്.