തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, നിയമവിരുദ്ധ സ്ഥിരപ്പെടുത്തലുകളും പിൻവാതിൽ നിയമനങ്ങളും റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ സുരേഷ്, അനൂപ്‌, ഗോവിന്ദ് എന്നീ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധം തുടർന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ എം.ജി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേശ് ഉദ്ഘാടനം ചെയ്‌തു. ശ്യാംരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, സെക്രട്ടറി ബി.ജി. വിഷ്‌ണു, ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, ജില്ലാ സെക്രട്ടറിമാരായ പാപ്പനംകോട് നന്ദു, കരമന പ്രവീൺ, അഭിജിത്ത്, അനൂപ്, പൂജപ്പുര ശ്രീജിത്ത്, ഉണ്ണിക്കണ്ണൻ, കിരൺ, ആശാനാഥ്, രാമേശ്വരം ഹരി,വിൻജിത്ത്, ചൂണ്ടിക്കൽ ഹരി, കവിത, അനന്തു തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌തുനീക്കി.