reksha-pravarthanam-

കല്ലമ്പലം: രാത്രിയുണ്ടായ ദാരുണ സംഭവത്തിന്റെ നടുക്കം തോട്ടയ്‌ക്കാട്ടുകാരെ വിട്ടുമാറിയിട്ടില്ല. ഭയാനകമായ ശബ്ദവും കൂട്ട നിലവിളിയും കേട്ട ഭാഗത്തേക്ക് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് അപകടത്തിന്റെ തീവ്രത പുറത്തറിഞ്ഞത്. കാറിൽ നിന്നും നാട്ടുകാർ ഒരാളെ പുറത്തെടുത്തപ്പോഴേക്കും കല്ലമ്പലം പൊലീസ് രക്ഷാപ്രവർത്തനത്തിനെത്തി. പിന്നാലെ രണ്ടുപേരെ കൂടി പുറത്തെടുക്കാൻ കഴിഞ്ഞു. ഇതിനിടെ കാറിന്റെ ബോണറ്റിൽ നിന്നും തീയും പുകയും ഉയർന്നതോടെ ആറ്റിങ്ങലിൽ നിന്നും അഗ്നിരക്ഷാ സേനയുമെത്തി. തീ അണച്ചും ഡോർ വെട്ടിപ്പൊളിച്ചുമാണ് മറ്റുള്ളവരെ കൂടി പുറത്തെടുത്തത്. ഹൈവേ പൊലീസ് ഗതാഗതം നിയന്ത്രിച്ച് ആംബുലൻസുകൾക്ക് സൗകര്യമൊരുക്കി. നാലുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരിച്ചത്. അമിത വേഗത്തിലായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ മീൻ വണ്ടിയിൽ ഇടിച്ച് അപകടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കല്ലമ്പലം സി.ഐ ഐ. ഫറോസ്, എസ്.ഐ ഗംഗാപ്രസാദ്, അഡീഷണൽ എസ്.ഐ അനിൽ, ഗ്രേഡ് എസ്.ഐ ജയരാജ്, എസ്.സി.പി.ഒമാരായ ഷാൻ, കിരൺ, ആറ്റിങ്ങൽ ഫയർസ്റ്റേഷൻ ഓഫീസർ എസ്. മുകുന്ദന്റെ നേതൃത്വത്തിൽ ജി. അനീഷ്‌, എസ്. ഷിജാം, വി. ശ്രീരൂപ്, പ്രമോദ്, സജി.എസ്.നായർ, എസ്.ഷമീം, വിപിൻ, ഷൈൻ ജോൺ, എസ്. അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 2017ൽ ഇതേ സ്ഥലത്ത് കാറും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ മരിച്ചിരുന്നു. വളവും റോഡിന്റെ വീതി കുറവും തെരുവ് വിളക്കുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾക്ക് കാരണം. അപകടസ്ഥലം അഡ്വ.ബി. സത്യൻ എം.എൽ.എ സന്ദർശിച്ചു. സംഭവസ്ഥലത്ത് മോട്ടോർ വാഹന വകുപ്പ്, കല്ലമ്പലം പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവരും പരിശോധന നടത്തി. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സ്ഥലത്ത് റോഡ് സേഫ്റ്റി സംവിധാനം ഏർപ്പെടുത്താൻ റോഡ് സേഫ്റ്റി അതോറിട്ടിയോടും നാഷണൽ ഹൈവേ വിഭാഗത്തിനോടും എം.എൽ.എ ആവശ്യപ്പെട്ടു.