കാട്ടാക്കട: കമ്പിക്കും സിമന്റിനും പിന്നാലെ പാറവിലയും ഉയർന്നതോടെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. കാട്ടാക്കട താലൂക്കിലെ പല ക്വാറികളിലും മുന്നറിയിപ്പില്ലാതെ ലോഡൊന്നിന് 500 രൂപ വരെയാണ് വ‌ർദ്ധിപ്പിച്ചത്. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം താലൂക്കിലെ ലോറി തൊഴിലാളികൾ പണിമുടക്കി പ്രതിഷേധിച്ചു. കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിലെ ക്വാറികളിലാണ് പാറവില കൂട്ടിയത്. ദിവസവും അഞ്ഞൂറിലേറെ ലോഡ് പാറയാണ് ഇവിടുത്തെ ക്വാറികളിൽ നിന്ന് പുറത്തേക്ക് പോകുന്നത്. ലോറിത്തൊഴിലാളികൾ പണിമുടക്കിയതോടെ ഇതും നിലച്ചു. കൊവിഡും കാലവർഷവും കഴിഞ്ഞ് നിർമ്മാണമേഖല കരകയറിതുടങ്ങുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.

ആദ്യം സിമന്റിനും പിന്നാലെ കമ്പിക്കും വിലവർദ്ധനവുണ്ടായതോടെ നിർമ്മാണ മേഖലയിൽ കടുത്ത സാമ്പത്തിക നഷ്ടമാണുണ്ടായിരുന്നത്. ഇതിനിടെയാണ് ഇരുട്ടടിപോലെ പാറവിലയും വർദ്ധിപ്പിച്ചത്. ഒരുലോറിയിൽ നാലര ടൺ കരിങ്കൽ കയറ്റുന്നതിന് നിലവിൽ 3600രൂപയാണ് ക്വാറികളിൽ ഈടാക്കിയിരുന്നത്. ഇപ്പോൾ അത് 4100 രൂപയായാണ് വർദ്ധിപ്പിച്ചത്.

പരാതികൾ നിരവധി

ക്വാറി ഉടകൾ പറയുന്ന അളവിൽ പാറ ലഭിക്കുന്നുണ്ടെ എന്ന് പരിശോധിക്കാനുള്ള സംവിധാനം പോലും നിലവിലില്ലാത്ത അവസ്ഥയാണ്. മാത്രമല്ല കരിങ്കല്ലിനായി ഈടാക്കുന്ന പണത്തിന് ബില്ലോ, പാറ കൊണ്ടുപോകുന്നതിനുള്ള പാസോ പോലും ക്വാറികൾ നൽകാറില്ല. കാട്ടാക്കട താലൂക്കിലെ ക്വാറികളിൽ നിന്നും ദിവസവും 50ൽ താഴെ ലോഡ് പാറ മാത്രമാണ് പുറത്തേക്ക് പോകുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പുലർച്ചെ കാട്ടാക്കട പഞ്ചായത്തിലെ ക്വാറിവളപ്പിൽ മാത്രം എത്തുന്നതാകട്ടെ 500 ഓളം ലോറികളാണ്.

അനുബന്ധ ഉത്പന്നങ്ങൾക്കും വില ഉയരും

പാറവില ഉയർന്നത് അനുബന്ധ ഉത്പന്നങ്ങളായ പാറപ്പൊടി, മെറ്റൽ, എം സാൻഡ് മുതലായവയുടെ വിലയിലും കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കും. പല ക്രഷറുകളിലും പുറത്തുള്ള ക്വാറികളിൽ നിന്നാണ് പാറ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ വില ഉയർത്തുക അല്ലാതെ ഇവർക്ക് മാർഗമില്ല. കടം വാങ്ങിയും ലോണെടുത്തും വീട് നിർമ്മാണത്തിനായി ഇറങ്ങിയവരാണ് ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാകുന്നത്.