തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടേക്ക് പോയതോടെ കോൺഗ്രസിനെ നയിക്കുന്നത് മുസ്ലിംലീഗ് തന്നെയെന്ന് തെളിഞ്ഞിരിക്കയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുണ്ടാക്കിയ നീക്കുപോക്കിന്റെ തുടർച്ചയ്ക്കൊപ്പം മുസ്ലിം മതമൗലികവാദികളുമായുള്ള സഖ്യവും ദൃഢമാക്കുകയാണവർ. അപകടകരമായ രാഷ്ട്രീയമാണിത്. രാഷ്ട്രീയ ദിശാദാരിദ്ര്യം യു.ഡി.എഫിനെ ബാധിച്ചു. നാട് നേരിടുന്ന മൗലികവിഷയങ്ങളിൽ കൃത്യമായ അഭിപ്രായം പറയാത്തത് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കുന്നതിന്റെ ഭാഗമാണ്. താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ മടിയില്ലാത്തവരായി അണികളെ മാറ്റിയതാണ് കേരളത്തിലെ കോൺഗ്രസിന്റെ മികവ്.
അടിസ്ഥാന സൗകര്യവികസനം നിശ്ചയദാർഢ്യത്തോടെ പൂർത്തീകരിക്കാനായതാണ് ഇടതുമുന്നണിയുടെ നേട്ടം. മനസുവച്ചാൽ എന്തും നടത്താമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. ഈ വികസനമുന്നേറ്റം മുന്നണി ചർച്ചയാക്കും. വികസനത്തുടർച്ചയുണ്ടാവാൻ എൽ.ഡി.എഫിന്റെ തുടർഭരണം ഒരു സാമൂഹ്യ അനിവാര്യതയാണ്.
സോളാറിനെ കൂട്ടിയിണക്കേണ്ട
പല കേസുകളും സി.ബി.ഐക്ക് വിടാനെടുത്തത് പോലൊരു തീരുമാനമാണ് സോളാർ കേസിലുമുണ്ടായിട്ടുള്ളത്. ഒരു പ്രത്യേക സംഭവത്തിൽ പരാതിക്കാരി സർക്കാരിനെ സമീപിച്ചപ്പോൾ സർക്കാർ നടപടിയെടുത്തു. അതിനെ തിരഞ്ഞെടുപ്പിലേക്ക് കൂട്ടിയിണക്കേണ്ട. സോളാർ ആവണം പ്രധാന പ്രചാരണവിഷയമെന്ന് ആഗ്രഹിക്കുന്ന മാദ്ധ്യമങ്ങളുണ്ടാവാം. നല്ല രീതിയിൽ അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട ഏജൻസിയാണ് സി.ബി.ഐ. ശരിയായി അവർ പണിയെടുത്താൽ അംഗീകരിക്കും. തെറ്റായ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിച്ചാൽ വിമർശിക്കും.