തിരുവനന്തപുരം: ഇടതുമുന്നണിയിൽ സീറ്റ് വിഭജനത്തിനായി ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഫെബ്രുവരി ആദ്യവാരം തുടങ്ങും. ഫെബ്രുവരി രണ്ട് മുതൽ നാല് വരെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നുണ്ട്. അതിൽ സ്ഥാനാർത്ഥി മാനദണ്ഡവും സീറ്റുകളുടെ എണ്ണവും മറ്റും ധാരണയാകും. പിന്നീടാവും ഉഭയകക്ഷി ചർച്ച.
സി.പി.ഐയുടെ ദേശീയ നിർവാഹകസമിതിയും കൗൺസിലും അടുത്ത ദിവസങ്ങളിൽ ചേരുന്നുണ്ട്. സ്ഥാനാർത്ഥി മാനദണ്ഡത്തിലും മറ്റും അവരും ധാരണയാവും. സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഫെബ്രുവരി പത്ത് മുതലാണ്.
സീറ്ര് വിഭജനം ഇപ്പോൾ പൂർത്തിയാക്കിയാൽ ജാഥാപര്യടനത്തിൽ ഘടകകക്ഷികൾക്ക് അവരവരുടെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്താമല്ലോയെന്ന് ഇന്നലെ ഇടതുമുന്നണി യോഗത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ അഭിപ്രായപ്പെട്ടു. എന്നാൽ, ജാഥ നടക്കട്ടെ, അതിനിടയിലും സീറ്റ് ചർച്ചയാവാമല്ലോ എന്ന് യോഗാദ്ധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ഇതോടെ ഇതിന്മേലുള്ള ചർച്ച അവസാനിച്ചു. പാലായെക്കുറിച്ചൊന്നും എൻ.സി.പി നേതൃത്വം മിണ്ടിയില്ല.
രാവിലെ യോഗത്തിന് മുമ്പായി എൻ.സി.പി നേതാക്കളായ പീതാംബരനും മന്ത്രി എ.കെ. ശശീന്ദ്രനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഇടതുമുന്നണിയിൽ സീറ്റ് വിഭജന പ്രശ്നമില്ലെന്നും സീറ്റ് വിഭജനം മാത്രമേയുള്ളൂവെന്നും പിന്നീട് എ. വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിക്ക് സീറ്റ് ചർച്ച സുഗമമായി പൂർത്തിയാക്കാവുന്നതേയുള്ളൂ. എൻ.സി.പിയിൽ ഒരു പ്രശ്നവുമില്ല. അഭിപ്രായങ്ങളുണ്ടാവാം, പ്രശ്നങ്ങളില്ല - വിജയരാഘവൻ പറഞ്ഞു.