തിരുവനന്തപുരം: 112 എന്ന നമ്പറിൽ കോൾ ലഭിച്ച്, ഏഴു മിനിറ്റിനകം പൊലീസ് സഹായം ഉറപ്പു വരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. 112 ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സംവിധാനത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് റോട്ടറി ക്ലബ് ഒഫ് ടെക്‌നോപാർക്കിന്റെ പുരസ്‌കാരം പൊലീസ് ആസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെവിടെ നിന്നും ഈ നമ്പറിൽ വിളിച്ചാൽ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ സന്ദേശം ലഭിക്കും. സംഭവ സ്ഥലത്തെത്താൻ കൺട്രോൾ റൂം വാഹനങ്ങൾക്ക് നിർദ്ദേശം നൽകുന്നത് ഈ കേന്ദ്രത്തിൽ നിന്നാണ്. എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സംവിധാനത്തിന്റെ ചുമതലയുള്ള ഇൻസ്‌പെക്ടർ ബി.എസ് സാബു, സബ് ഇൻസ്‌പെക്ടർമാരായ ജെ. സന്തോഷ് കുമാർ, ആർ. വിനോദ്, സിവിൽ പൊലീസ് ഓഫീസർമാരായ ബി.എസ്. അഹുൽ ചന്ദ്രൻ, യു. അഭിലാഷ്, പൊലീസ് കൺട്റോൾ റൂം വാഹനത്തിലെ സബ് ഇൻസ്‌പെക്ടർ ഒ.കെ. സുരേഷ് ബാബു എന്നിവരാണ് അവാർഡ് സ്വീകരിച്ചത്.എ.ഡി.ജി.പി മനോജ് എബ്രഹാം, റോട്ടറി ക്ലബ് ഒഫ് ടെക്‌നോപാർക്ക് പ്രസിഡന്റ് ഹരീഷ് മോഹൻ എന്നിവരും റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാർക്കിന്റെ ഭാരവാഹികളും സംബന്ധിച്ചു.