election

തിരുവനന്തപുരം: സീറ്റ് വിഭജനം സുഗമമായി പൂർത്തിയാക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇടത്, വലത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. ബുദ്ധിമുട്ടില്ലെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും യാഥാർത്ഥ്യം അതല്ല. സി. പി. ഐയുമായും കേരള കോൺഗ്രസ് - മാണിയുമായുമുള്ള ചർച്ച രമ്യമായി തീർക്കാനായാൽ പ്രധാന വെല്ലുവിളി ഒഴിയുമെന്നാണ് ഇടതുമുന്നണിയിൽ സി.പി.എമ്മിന്റെ ചിന്ത. പിന്നെയുള്ളത് ജനതാദൾ ഗ്രൂപ്പുകളുടെ കാര്യമാണ്. ജെ.ഡി.എസും എൽ.ജെ.ഡിയും ലയിച്ചിരുന്നെങ്കിൽ 2006ൽ അവരൊരുമിച്ചുണ്ടായപ്പോൾ നൽകിയ എട്ട് സീറ്റോ, ഒന്ന് കുറച്ച് ഏഴോ നൽകി പരിഹരിക്കാമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടൽ. എന്നാൽ ലയനം ഉടനെ നടക്കുമോയെന്നതിൽ അവ്യക്തതയാണ്.

ജെ.ഡി.എസ് മത്സരിച്ചുവരുന്ന വടകര എൽ.ജെ.ഡിക്ക് വിട്ടുകൊടുക്കേണ്ടി വരുമ്പോൾ വീണ്ടുമൊരങ്കം ആഗ്രഹിക്കുന്ന സി.കെ. നാണു കലാപമുണ്ടാക്കിയേക്കാം. മുമ്പ് ദൾ മത്സരിച്ചിരുന്ന കൂത്തുപറമ്പ, കല്പറ്റ, വടകര, മലപ്പുറം മണ്ഡലങ്ങളിൽ മലപ്പുറമൊഴിച്ചുള്ളവ എൽ.ജെ.ഡിക്ക് നൽകാനിടയുണ്ട്. ആലപ്പുഴ ജില്ലയിലും കായംകുളമോ അമ്പലപ്പുഴയോ അവർ ആഗ്രഹിക്കുന്നു. കോവളം, തിരുവല്ല, അങ്കമാലി, ചിറ്റൂർ, വടകര മണ്ഡലങ്ങളിൽ വടകരയൊഴിച്ചുള്ളവ ജെ.ഡി.എസിന് കിട്ടിയേക്കാം. പല കേരള കോൺഗ്രസ് ഗ്രൂപ്പുകളുള്ളതിനാൽ അങ്കമാലിയിൽ അവ്യക്തതയുണ്ട്.

എൻ.സി.പിയുടെ സിറ്റിംഗ് സീറ്റായ പാലാ മാണിഗ്രൂപ്പിന് നൽകുന്നത് പൊട്ടിത്തെറിയുണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മാണി സി. കാപ്പന്റെ കാലുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എൻ.സി.പി അടർന്ന് പോകാതിരിക്കാനാണ് സി.പി.എം നീക്കം. സി.പി.ഐ മത്സരിച്ചുവരുന്ന കാഞ്ഞിരപ്പള്ളിയെ ചൊല്ലിയും തർക്കമുണ്ടെങ്കിലും അത് പരിഹരിക്കാമെന്നാണ് കണക്കുകൂട്ടൽ.

മാണിഗ്രൂപ്പിന് 15ഉം എൽ.ജെ.ഡിക്ക് ഏഴും സീറ്റുകൾ അനുവദിച്ച യു.ഡി.എഫിൽ ഇപ്പോൾ അന്നത്തെ മാണിഗ്രൂപ്പിലെ ജോസഫ് വിഭാഗം മാത്രമേ ഉള്ളൂ. അവർക്കുണ്ടായിരുന്ന വിഹിതമൊഴിച്ചാൽ 15 സീറ്റെങ്കിലും അധികമായി മുന്നണിയുടെ പൊതുപൂളിൽ എത്തും. 15 സീറ്റ് തന്നെ വേണമെന്ന് ജോസഫ് ഉറച്ച് നിൽക്കുന്നതിനാൽ ഇന്ന് അവരുമായി നടക്കുന്ന ചർച്ച പ്രധാനമാണ്. ഇന്നുതന്നെ ആർ.എസ്.പിയുമായും ചർച്ചയുണ്ട്. ഇന്നലെ മുസ്ലിംലീഗുമായി നടന്ന ചർച്ചയിൽ ആറ് സീറ്റ് അവർ കൂടുതൽ ചോദിച്ചതായാണ് വിവരം. പൊതുസ്വതന്ത്രനടക്കം മൂന്നെണ്ണം നൽകാമെന്ന് കോൺഗ്രസ് സമ്മതിച്ചതായറിയുന്നു. അതിന്റെ ചുവടുപിടിച്ച് മറ്റ് ഘടകകക്ഷികളും സമ്മർദ്ദം കൂട്ടാനൊരുങ്ങുന്നു. കോൺഗ്രസ് പക്ഷേ ജോസഫിന് ഏഴോ എട്ടോ സീറ്റിലധികം നൽകാനിടയില്ല. ജോസ് കെ. മാണി പോയ ഒഴിവിൽ കോട്ടയം ജില്ലയിലെ അവർ മത്സരിച്ച സീറ്റുകളിൽ തങ്ങൾ മത്സരിച്ചിട്ടേ കാര്യമുള്ളൂവെന്നാണ് കോൺഗ്രസ് നിലപാട്. ഒരു ഡസൻ കോൺഗ്രസ് നേതാക്കളെങ്കിലും കച്ചമുറുക്കി രംഗത്തുണ്ട്. ജോസഫിനൊപ്പമുള്ള പത്തോളം നേതാക്കളും ഇതേ മാനസികാവസ്ഥയിൽ നില്പാണ്. പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മണ്ഡലങ്ങളാണ് കീറാമുട്ടി. മാണി സി.കാപ്പൻ ജോസഫിനൊപ്പമെത്തിയാൽ പാലാ വിട്ടുകൊടുത്തേക്കാം. കഴിഞ്ഞ തവണ അഞ്ചിടത്ത് മത്സരിച്ച ആർ.എസ്.പി ഏഴെണ്ണമാണ് ഇക്കുറി ചോദിക്കുന്നത്.