ആഹാരത്തിൽ ശ്രദ്ധവച്ചാൽതന്നെ ആരോഗ്യം ഉണ്ടാകാൻ എളുപ്പമാണ്. ആഹാരത്തിൽ പ്രത്യേകശ്രദ്ധയൊന്നുമില്ലാത്തവർക്ക് എപ്പോൾ വേണമെങ്കിലും രോഗവുമുണ്ടാകാം. അതിനാൽ മറ്റു ശീലങ്ങൾക്കൊപ്പം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് പഥ്യമായതും ഹിതമായതുമായ ആഹാരം. അതുപോലെ അഹിതവും അപഥ്യവുമായ ആഹാരം ഒഴിവാക്കുകയും വേണം.
വിവിധങ്ങളായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമല്ല. ഉഴുന്ന്, പഴം, പാൽ, പാലുൽപന്നങ്ങൾ എന്നിവ പ്രഭാതഭക്ഷണത്തിന് അത്ര നല്ലതല്ല. അല്പം എരിവും പോഷണവുമുള്ള ആഹാരമാണ് പ്രഭാതത്തിൽ വേണ്ടത്. എരിവിനുവേണ്ടി പച്ചമുളക്, കുരുമുളക്, ഇഞ്ചി തുടങ്ങിയവയാണ് കൂടുതൽ നല്ലത്. ആവിയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ എളുപ്പം ദഹിക്കുന്നതാണ്.
ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കുന്ന രീതി ഒഴിവാക്കണം.കുറേശ്ശെ വെള്ളം ഭക്ഷണത്തോടൊപ്പവും അല്ലാത്തപ്പോൾ മൂന്ന് കവിൾ വെള്ളവും കുടിക്കാം. ആവശ്യത്തിനുള്ള വെള്ളം പലതവണകളായി വേണം കുടിക്കാൻ കുടിക്കുന്നതിന് ചൂടാക്കിയ വെള്ളം മാത്രമേ ഇക്കാലത്ത് സുരക്ഷിതമായി കണക്കാക്കാനാകൂ. ചൂടാക്കാത്ത വെള്ളവും അവ കൊണ്ടുള്ള മറ്റു പാനീയങ്ങളും ചൂടാക്കിയ വെള്ളം മിക്സ് ചെയ്തും ഉപയോഗിക്കുന്നത് അസുഖത്തെ ക്ഷണിച്ചുവരുത്തും.
അമിതാദ്ധ്വാനം ആരോഗ്യകരമല്ല. ടെൻഷനും നല്ലതല്ല. അച്ചാർ, തൈര് എന്നിവ സ്ഥിരമാക്കരുത്. അധികമായ എരിയും പുളിയും അധികമായ ഉപ്പ് എന്നിവ നിയന്ത്രിക്കണം. മുട്ടയും മത്സ്യ മാംസാദികളും ശരീരത്തിന് ആവശ്യമായ തന്നെ. എന്നാൽ, ധാരാളം പച്ചക്കറികൾ കൂടി ഉൾപ്പെടുത്തി ഉപയോഗിച്ചാൽ അവയിലെ ചില ദോഷങ്ങൾ ഒഴിവാക്കാനാകും.
മത്സ്യവും മാംസവും വറുത്തുപയോഗിക്കുന്നത് പരമാവധികുറച്ച് കറിവച്ച് ഉപയോഗിക്കണം. സസ്യാഹാരത്തിന് പ്രാധാന്യം നൽകണം.
അരിയും ഗോതമ്പും അളവ് കുറച്ച്, പകരമായി ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം.
രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. എളുപ്പം ദഹിക്കുന്ന ആഹാരം മാത്രമേ കഴിക്കാവൂ. കിടക്കാൻനേരം അൽപ്പം ചൂടുവെള്ളമോ ചുക്ക് വെള്ളമോ കുടിക്കാം.
ആഹാരം കഴിച്ചാലുടൻ കിടക്കുന്നത് നല്ലതല്ല. ഉറങ്ങാനല്ലെങ്കിൽകൂടി അത് ദഹന സംബന്ധമായ രോഗങ്ങളെ ഉണ്ടാക്കും.