തിരുവനന്തപുരം: സക്കറിയയുടെ രചനകൾ സമൂഹത്തെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നെന്നും മുഖംമൂടി വച്ചുള്ള പെരുമാറ്റങ്ങളുടെ കാപട്യത്തെ തുറന്നു കാണിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയയ്ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത നവോത്ഥാന മൂല്യങ്ങളുടെ പക്ഷത്ത് നിൽക്കുന്ന വ്യക്തിയാണ് സക്കറിയ. പുരോഗമന പ്രസ്ഥാനങ്ങളെ വിമർശിക്കുമ്പോൾ തന്നെ പുരോഗമനപരമായ എല്ലാ ധാരകളെയും സ്വാഗതം ചെയ്തു. വിവാദങ്ങൾ എപ്പോഴും സക്കറിയയ്ക്ക് പിറകെ സഞ്ചരിച്ചു.
നവഉദാരവത്കരണ നയങ്ങൾ കർഷകരെ ആദ്യം പിടികൂടി. ഒടുവിൽ ഇന്ത്യാക്കാരെ മുഴുവൻ കൈപ്പിടിയിലൊതുക്കുമെന്ന ഭീതിദമായ രാഷ്ട്രീയ കാലാവസ്ഥ വളർന്നു വരുന്നു. വീടും നാടും ഇട്ടെറിഞ്ഞ് തെരുവിൽ പ്രതികരിക്കുന്ന കർഷകർ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ആവേശകരമായ സമരോത്സുകതയാണ് പ്രദർശിപ്പിക്കുന്നത്.
സമൂഹത്തെയും ഭാഷയെയും സാഹിത്യത്തെയും നവീകരിക്കാൻ, അന്ധകാരമയമായ ഒരു ജീർണ കാലത്തിന് അറുതി കുറിച്ചുകൊണ്ടു കടന്നുവന്നു എഴുത്തച്ഛൻ. സക്കറിയയും ഇതേ പാതയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ ഇന്ത്യയിൽ സംസ്ഥാന ഭരണകൂടത്തിന് പ്രത്യേക പ്രസക്തിയുമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ പറഞ്ഞു. വർഗീയ ഫാസിസത്തിന് കീഴടങ്ങാത്ത ഭരണകൂടം എന്ന വിലമതിക്കാനാവാത്ത പ്രാധാന്യമാണുള്ളത്. ഇന്ത്യയ്ക്ക് മുഴുവൻ ഇക്കാര്യത്തിൽ നാം മാതൃകയാണ്. ഇടതുപക്ഷത്തെ പറ്റി പ്രതീക്ഷകളുണ്ട്. ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിക്ക് അതിപ്രധാനമാണ്. വർഗീയതയ്ക്ക് അടിമപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കലിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ എന്നിവർ പങ്കെടുത്തു.