വർക്കല: വർക്കല നഗരസഭയിൽ ഹരിത ഓഫീസ് പ്രഖ്യാപനവും ഹരിതസർട്ടിഫിക്കറ്റ് വിതരണവും ഹരിതകർമ്മ സേനാംഗങ്ങൾക്കുളള ചെക്കുകളുടെ വിതരണവും നടന്നു. നഗരസഭയ്ക്കുളള എഗ്രേഡ് ഹരിത സർട്ടിഫിക്കറ്റ് അഡ്വ. വി. ജോയി എം.എൽ.എയിൽ നിന്നും ചെയർമാൻ കെ.എം. ലാജി ഏറ്രുവാങ്ങി. ഹരിതകർമ്മസേനാംഗങ്ങൾക്കുളള ചെക്ക് ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, ഹരിതകർമ്മസേന സൂപ്പർവൈസർ അഭിത്ര എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചെയർമാൻ, വൈസ് ചെയർപേഴ്സൺ, സ്ഥിരം സമിതി ചെയർമാന്മാർ എന്നിവരിൽ നിന്നും ഘടകസ്ഥാപന പ്രതിനിധികളും ഹരിത സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻവിജയൻ ഹരിതചട്ടപാലന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, ഘടകസ്ഥാപന മേധാവികൾ, ഹെൽത്ത് വിഭാഗം ജീവനക്കാർ, എൻ.എസ്.എസ് വോളന്റിയർമാർ, ഹരിതകേറള മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി സ്വാഗതവും സെക്രട്ടറി സജി.എസ്.എൽ നന്ദിയും പറഞ്ഞു.