congress

തിരുവനന്തപുരം: എന്റെ ബൂത്ത്,എന്റെ അഭിമാനം കാമ്പെയിനിന്റെ ഭാഗമായി കോൺഗ്രസിൽ സംസ്ഥാനത്തൊട്ടാകെ 25000 -ാം ബൂത്ത് കമ്മിറ്റികളുടെ പുനർരൂപീകരണം നടന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തിന്റെ ബൂത്തായ ചോമ്പാലയിൽ ചുമതല ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ 126-ാം നമ്പർ അങ്ങാടി ബൂത്തിന്റെയും രമേശ് ചെന്നിത്തല മണ്ണാറശാല 51-ാം നമ്പർ ബൂത്തിന്റെയും ചുമതല ഏറ്റെടുത്തു.
കെ.സി. വേണുഗോപാൽ കണ്ണൂരിലും, കെ സുധാകരൻ കണ്ണൂർ അസംബ്ലിയിലെ 132-ാം ബൂത്തിലും കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കര കിഴക്കേകര ബൂത്തിലും എം.എം.ഹസ്സൻ ജഗതി ബൂത്തിലും കെ. മുരളീധരൻ വടകര നഗരസഭയിലെ കരിമ്പന ബൂത്തിലും ചുമതല ഏറ്റെടുത്തു.പുതിയ കമ്മിറ്റിയുടെ ലിസ്റ്റ് 30നകം കെ.പി.സി.സിക്ക് കൈമാറും.കോൺഗ്രസ് നേതാക്കളുടെ ഗൃഹ സന്ദർശനത്തിനും തുടക്കമായി.

സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണ: മുല്ലപ്പള്ളി

കോൺഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യപ്രാപ്തിക്കായി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അപകടരമായ ധാരണ ഉണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ പരീക്ഷിക്കാനാണ് നീക്കം. ഇക്കാര്യം മതേതര വിശ്വാസികൾ തിരിച്ചറിയണം. ഭരണ നേട്ടങ്ങളുടെ പേരിൽ ജനങ്ങളോട് വോട്ട് ചോദിക്കാൻ ഇടതു സർക്കാരിന് അർഹതയില്ല. ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾ എത്തുമ്പോൾ ജനം പൊട്ടിത്തെറിക്കുകയാണ്. ടി.പത്മനാഭന്റെ പ്രതികരണം അതാണ്.