തിരുവനന്തപുരം: രാജ്യമാകെ കൊവിഡ് വ്യാപനം കുറഞ്ഞിട്ടും, സംസ്ഥാനത്ത് ശക്തമാവുന്ന സാഹചര്യത്തിൽ രോഗനിയന്ത്രണത്തിന് കടുത്ത നടപടികളിലേക്ക് നീങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
അതേസമയം, തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും നിയന്ത്രണങ്ങൾ തടസമാകരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കുറയ്ക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളിൽ അയവു വന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കൊവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. പൊതുപരിപാടികളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കും. ശാരീരിക അകലവും മാസ്‌കും നിർബന്ധമാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിന് പൊലീസ് പരിശോധന കർശനമാക്കും. നിരീക്ഷണചുമതലയുള്ള സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം വർദ്ധിപ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ഇവരെ സഹായിക്കാൻ പൊലീസുമുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായിരിക്കും.
കടുപ്പിക്കുന്ന നിയന്ത്രണങ്ങൾ
*സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം കൂട്ടും
*വിവാഹച്ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമാക്കണം. നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല.
*കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർദ്ധിപ്പിക്കും. ഇതിൽ 75 ശതമാനം ആർ.ടി.പി.സി.ആർ പരിശോധന.
*അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, കശുഅണ്ടി ഫാക്ടറി പോലെ തൊഴിലാളികൾ ഒന്നിച്ചിരുന്ന് ജോലിചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവരെയും പരിശോധിക്കണം.
*തദ്ദേശസ്ഥാപനങ്ങളിൽ കൊവിഡ് പ്രതിരോധത്തിനുള്ള വാർഡുതല സമിതികൾ പുനഃസംഘടിപ്പിക്കണം.
*ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം.
സിനിമാ തിയേറ്ററുകളിൽ കൂടുതൽ പേർക്ക് അനുമതി , സ്വിമ്മിംഗ് പൂളുകളിലെ നിയന്ത്രണം നീക്കി
ന്യൂഡൽഹി: കണ്ടെയ്ൻമെൻറ് സോണുകൾക്ക് പുറത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചു കൊണ്ട്, കൊവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടി.
ഫെബ്രുവരി ഒന്നുമു തൽ സ്വിമ്മിംഗ് പൂളുകൾ എല്ലാവർക്കും ഉപയോഗിക്കാം. നേരത്തേ, കായിക താരങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. സിനിമാഹാളുകളിൽ ആകെ ഇരിപ്പിടങ്ങളുടെ 50 ശതമാനത്തിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂവെന്ന നിയന്ത്രണത്തിലും ഇളവ് വരുത്തി. ഇനി കൂടുതൽ പേരെ പ്രവേശിപ്പിക്കാം. എല്ലാതരത്തിലുമുള്ള എക്സിബിഷൻ ഹാളുകളും തുറക്കാൻ അനുമതി നൽകി.സംസ്ഥാനസർക്കാരുകളുടെ മാർഗനിർദ്ദേശമനുസരിച്ച് മതസാമൂഹിക, സാംസ്കാരിക, കായിക, വിനോദ, വിദ്യാഭ്യാസ കൂട്ടം ചേരലുകൾക്ക് കൂടുതൽ പേരെ അനുവദിക്കാം. നിലവിൽ ഹാളിൻറെ ശേഷിയുടെ 50 ശതമാനം.
. അന്താരാഷ്ട്ര വിമാന സർവീസുകൾ പുന: സ്ഥാപിക്കുന്നതിൽ തീരുമാനം കേന്ദ്രവ്യോമയാന മന്ത്രാലയമെടുക്കും. പതിവ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതും വൈകും. 65 വയസിന് മുകളിലുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, പത്തുവയസിന് താഴെയുള്ള കുട്ടികൾ എന്നിവർ ആവശ്യമായ മുൻകരുതലെടുക്കണം. കണ്ടെയ്ൻമെൻറ് സോണുകളിൽ നിയന്ത്രണം കർശനമായി തുടരണം.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രകൾക്ക് നിയന്ത്രണമില്ല. പ്രത്യേക അനുമതിയോ ഇ- പെർമിറ്റോ ആവശ്യമില്ല.