mind-on-fire

തിരുവനന്തപുരം: ആർക്കിടെക്ട് എസ്. ഗോപകുമാർ രചിച്ച ' മൈൻഡ് ഓൺ ഫയർ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ നിർവഹിച്ചു. ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ജി. വിജയരാഘവൻ പുസ്‌തകം ഏറ്റുവാങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്‌സ് (ഐ.ഐ.എ) തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹോട്ടൽ എസ്.പി ഗ്രാൻഡ് ഡേയ്‌സിൽ നടന്ന ചടങ്ങിൽ ഐ.ഐ.എ തിരുവനന്തപുരം ചെയർമാൻ ജോർജ് ചിറ്റൂർ സ്വാഗതം പറഞ്ഞു. എഴുത്തുകാരനെ അദ്ദേഹത്തിന്റെ മകനും ആർക്കിടെക്ടുമായ അനൂജ് ഗോപകുമാർ പരിചയപ്പെടുത്തി. ആർക്കിടെക്ടായുള്ള ജീവിതത്തിൽ താൻ നേരിട്ട അനുഭവങ്ങളാണ് എസ്. ഗോപകുമാർ പുസ്‌തകത്തിൽ വിവരിക്കുന്നത്. വാ‌സ്‌തുവിദ്യ, ഇന്റീരിയർ, ലാൻഡ്‌സ്‌കേപ്പ് തുടങ്ങി ഡിസൈൻ ലോകത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയും കേരളത്തിലെ പ്രശസ്‌തരായ ആർക്കിടെക്ടുമാരുടെ പ്രവർത്തനങ്ങളും മാതൃകകളും പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്. ആർക്കിടെക്ട് ആർ. ശങ്കർ ആശംസയർപ്പിച്ചു. ഐ.ഐ.എ സെക്രട്ടറി അരവിന്ദ് നന്ദി പറഞ്ഞു.