കൊച്ചി: പേര് പോലെ തന്നെ കൗതുകമുള്ള സംഗതിയാണ് ആലുവ വിത്തുൽപാദന കേന്ദ്രത്തിനെ പ്രധാന ഉല്പന്നമായ കുണപജല. മൂന്ന് വർഷം മുൻപ് ഫാം ഓഫീസർ ലിസിമോൾ ജെ വടക്കൂട്ട് തയ്യാറാക്കിയ കുണപജല കർഷകരുടെ പ്രിയമിത്രമാണിന്ന്.
വൃക്ഷായുർവേദത്തിൽ പ്രതിപാദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും പോഷകസമൃദ്ധവുമായ ജെെവവളകൂട്ടാണ് കുണപജല. മൂഖ്യമായും മൃഗാവശിഷ്ടങ്ങൾ, ചാണകം, ഗോമൂത്രം എന്നിവയിൽ പുളിപ്പിച്ചു തയ്യാറാക്കുന്ന കുണപജലയിൽ അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ, കരാട്ടിൻ, സസ്യവളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ എന്നിവ ധാരാളമുണ്ട്. വളർച്ചയ്ക്കും പുഷ്പ, ഫല സമൃദ്ധിക്കും അത്യുത്തമം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാൻ്റ് ഹെൽത്ത് മാനേജ്മെൻ്റിലെ പഠന സമയത്താണ് ലിസിമോൾ കുണപജലയെ കുറിച്ച് അറിയുന്നത്. ആദ്യ പരീക്ഷണം വിത്തുൽപാദന കേന്ദ്രത്തിൽ തന്നെ. മികച്ച ഫലപ്രാപ്തി ലഭിച്ചത്തോടെ വിൽപനയും ആരംഭിച്ചു. 200 മില്ലിലിറ്ററിന് 50 രൂപയും 250ന് 60 രൂപയുമാണ് വില.
തയ്യാറാക്കുന്ന വിധം
പച്ചമാംസം അല്ലെങ്കിൽ മുട്ടയോ മത്സ്യാവശിഷ്ടമോ പനീറോ ഏതെങ്കിലും ഒന്ന് എല്ലുപൊടി,ഉമി, പിണ്ണാക്ക്, ഉഴുന്നുപൊടി എന്നിവ വെള്ളത്തിൽ ചേർത്ത് തിളപ്പിച്ചുകുറുക്കുക. നന്നായി വെന്ത ശേഷം ചാണകം, ഗോമൂത്രം, തേൻ, പാൽ എന്നിവ ചേർത്ത് വെള്ളവും ഒഴിച്ച് മൂന്ന് മിനിറ്റ് നന്നായി ഇളക്കുക. പിന്നെ അടച്ചു തണലിൽ സൂക്ഷിക്കണം. നിത്യേന മൂന്ന് മിനിറ്റ് ഇളക്കണം. 15 മുതൽ 25 ദിവസത്തിനുള്ളിൽ കുണപജല റെഡി.
ഉപയോഗിക്കേണ്ട വിധം
അരിച്ചെടുത്ത് വേണം ഉപയോഗിക്കാൻ. ഒരു ലിറ്റർ വെള്ളത്തിൽ 30 മുതൽ 50 മില്ലി എന്ന തോതിൽ കുണപജല നേർപ്പിച്ച് തളിക്കാം. അവശിഷ്ടം നല്ലവളമാണ്. വളർച്ചയുടെ ആദ്യഘട്ടം, പുഷ്പിക്കുന്ന സമയം എന്നീ അവസരങ്ങളിൽ കുണപജല തളിക്കുന്നതാണ് ഉചിതം.