തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിലെ വിവിധ ആശുപത്രികളിലേക്കും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികൾ വഴിയും കെ.എസ്.ആർ.ടി.സി ആരംഭിച്ച മെഡിക്കൽ സർവീസിന് മികച്ച പ്രതികരണം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, തൊട്ടടുത്ത ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഉൾപ്പെടെയുള്ള പതിവ് സർവീസുകൾക്ക് പുറമെ 21 സർവീസുകളാണ് കെ.എസ്.ആർ.ടി.സി ഇന്നലെ മുതൽ നടത്തുന്നത്. രാവിലെ ഏഴിനു മുമ്പ് എത്തിയ ബസുകൾ മെഡിക്കൽ കോളേജ് കാമ്പസിലെ വിവിധ ആശുപത്രികൾക്ക് മുമ്പിൽ യാത്രക്കാരെ ഇറക്കി. വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും മറ്റുള്ളവർക്കും എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ സമയത്തും റൂട്ടുകളിലുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാർ, വിഴിഞ്ഞം,വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, പാലോട് എന്നിവിടങ്ങളിൽ നിന്ന് രാവിലെ 6 മുതൽ 7.15 വരെ ഒ.പിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ.