തൊടുപുഴ: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ വൃദ്ധൻ കാപ്പി വടിയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പടി. കോടിക്കുളം വേലാംകുന്നേൽ കേശവന്റെ മകൻ സാജുവാണ് (48) മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് വെള്ളിയാമറ്റം നെറ്റിപ്പള്ളിൽ കണ്ണനെ (74) പൊലീസ് അറസ്റ്റു ചെയ്തു. പടി. കോടിക്കുളം ചെറുതോട്ടിൻകരയിൽ ചൊവ്വാഴ്ച രാത്രി 9.30ന് ശേഷമായിരുന്നു സംഭവം. ചെറുതോട്ടിൻകരയിലുള്ള വെൽഡിംഗ് വർക്ക്‌ഷോപ്പ് കെട്ടിടത്തിനു പിന്നിൽ അടുത്തടുത്ത മുറികളിലായിരുന്നു സാജുവും കണ്ണനും താമസിച്ചിരുന്നത്. ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ പ്രതിയായ കണ്ണൻ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ബന്ധുക്കളിൽ നിന്നകന്നാണ് താമസിച്ചിരുന്നത്. ഭാര്യ മരിച്ചു പോയ സാജുവിന്റെ ഒരു മകൻ വിവാഹം കഴിച്ച് മാറിതാമസിക്കുകയാണ്. മറ്റൊരു മകൻ ബന്ധുവിനൊപ്പവുമാണ് താമസം. രോഗിയായ കണ്ണൻ ഭക്ഷണവും മരുന്നും വാങ്ങി നൽകിയിരുന്നത് സാജുവായിരുന്നു. എന്നാൽ മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസവും സാജു കണ്ണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തിനു ശേഷം ടി.വി കണ്ട് ഉറങ്ങിപ്പോയ സാജുവിനെ കണ്ണൻ കാപ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് തലയുടെ ഇടതുഭാഗവും കണ്ണും തകർന്നിരുന്നു. ഇടതു കാലും തല്ലിയൊടിച്ചു. ഇന്നലെ രാവിലെ സാജുവിനെ ജോലിക്ക് വിളിക്കാനെത്തിയ മകനും സൃഹൃത്തുമാണ് മൃതദേഹം കാണുന്നത്. ഉടൻ ഇവർ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. ഇദ്ദേഹമാണ് പൊലീസിനെ വിവരമറിയിച്ചത്. തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ, കാളിയാർ സി.ഐ പങ്കജാക്ഷൻ, എസ്.ഐ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൃത്യത്തിനു ശേഷം മുറിയിലേക്ക് പോയ കണ്ണൻ ഇന്നലെ പുലർച്ചെ സമീപത്തെ കടയിൽ ചായ കുടിക്കാനെത്തിയിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയ വിവരമറിഞ്ഞ് സ്ഥലത്തു നിന്നു മുങ്ങി ഏഴല്ലൂരിനു സമീപം പാറയിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. സാജുവിന്റെ ശരീരത്തിൽ 15 മുറിവുകൾ ഉണ്ടായിരുന്നു. കൊലയ്ക്കുപയോഗിച്ച കാപ്പിവടിയും സ്ഥലത്തു നിന്ന് കണ്ടെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സാജുവിന്റെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ പരേതയായ ബിന്ദു. മക്കൾ: അജിത്, അനന്തു.