കട്ടപ്പന: ലോറി മോഷ്ടിച്ച കേസിൽ കട്ടപ്പനയിൽ നിന്ന് ഒരാൾ പിടിയിലായി. രാജാക്കാട് എല്ലക്കല്ല് കൊച്ചുപറമ്പിൽ ലിനോദ് മാത്യുവിനെയാണ് (32) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപത്രിയും ലിനോദിന്റെ ബന്ധുവുമായ കട്ടപ്പന വെള്ളായാംകുടി അമ്പലത്തിങ്കൽ സച്ചിൻ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ 18ന് രാത്രിയിലാണ് ഇരട്ടയാർ റോഡിലുള്ള കെട്ടിടത്തിന്റെ മുമ്പിലായി പാർക്ക് ചെയ്തിരുന്ന ലോറി മോഷണം പോയത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സച്ചിൻ. ദിവസങ്ങളോളം ഇയാൾ വാഹനം നിരീക്ഷിച്ചിരുന്നു. തുടർന്ന് ലിനോദിനെ വിളിച്ചുവരുത്തി വാഹനവുമായി കടക്കുകയായിരുന്നു. അടുത്തദിവസം വാഹന ഉടമ അനീഷിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ലോറി തമിഴ്‌നാട്ടിലേക്ക് കടത്താനുള്ള ഇവരുടെ നീക്കം പാളി. തുടർന്ന് പൂപ്പാറ ബോഡിമെട്ടിൽ വാഹനം ഉപേക്ഷിച്ച് ഇരുവരും മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥാപനങ്ങളിലെയും പെട്രോൾ പമ്പിലെയും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് രാജാക്കാട്ടെ വീട്ടിൽ നിന്നു കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ, സി.ഐ വിശാൽ ജോൺസൺ, എസ്.ഐ സന്തോഷ് സജീവ്, സാബു തോമസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ലിനോദിനെ രാജാക്കാട്ടും ബോഡിമെട്ടിലും എത്തിച്ച് തെളിവെടുത്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.