dd

അടിമാലി: പുലിയെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രതികളിൽ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി. മാങ്കുളം മുനിപാറ കൊള്ളിക്കടവിൽ പി.കെ. വിനോദ് (45), മാങ്കുളം മുനിപാറ ബേസിൽ ഗാർഡൻ വീട്ടിൽ വി.പി. കുര്യാക്കോസ് (74) എന്നിവരെയാണ് വനപാലകർ കസ്റ്റഡിയിൽ വാങ്ങിയത്. പുലികളെ ഇത്തരത്തിൽ നേരത്തെ കൊന്നിട്ടണ്ടോയെന്ന് മനസിലാക്കുന്നതിനും വിശദമായ തെളിവെടുപ്പിനും വേണ്ടിയാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. സംഭവത്തിൽ ഇനിയും ഒരാളെകൂടി പിടികൂടാനുണ്ട്. പിടിയിലായ മാങ്കുളം പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), മാങ്കുളം വടക്കുംചേരിൽ വിൻസെന്റ് (50) എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. പുലിയുടെ തോൽ, നഖങ്ങൾ, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകർ പിടികൂടിയിരുന്നു. പ്രതി പി.കെ. വിനോദാണ് കുടുക്ക് വെച്ച് പുലിയെ പിടികൂടിയത്. ഉദ്ദേശം 40 കിലോയോളം ഇറച്ചി ലഭിച്ചതായി ഇവർ പറഞ്ഞിരുന്നു. ഉപയോഗമില്ലാത്ത മാംസവും മറ്റും പുഴയിലൂടെ ഒഴുക്കി കളയുകയും ചെയ്തു. പുലിയുടെ തോൽ ഉണക്കിയെടുക്കാനുളള ശ്രമം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇത് വിൽപ്പന നടത്താനും ശ്രമിച്ചിരുന്നു