
പോത്തൻകോട്: മനം നിറയ്ക്കുന്ന പ്രകൃതിസൗന്ദര്യവും ഉദയാസ്‌തമയ കാഴ്ചകളും കൺകുളിർക്കെ ആസ്വദിക്കാൻ വെള്ളാണിക്കൽ പാറമുകൾ തേടിയെത്തുന്ന സഞ്ചാരികൾക്ക് നിരാശ മാത്രം. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ വികസനപദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ഇവിടെ പദ്ധതികൾക്ക് ഒച്ചിഴയുന്ന വേഗമാണ്. പാറമുകളിന്റെ ഭൂമിശാസ്ത്രമായ പ്രത്യേകത കാരണം ചെലവ് കുറഞ്ഞ സാഹസിക വിനോദ സഞ്ചാര സൗകര്യങ്ങൾ ഇവിടെ ഒരുക്കാനാകും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കോവളം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ സാഹസിക ടൂറിസത്തിന് ഇപ്പോൾ തന്നെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വെള്ളാണിക്കൽ പാറമുകളിനെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ തലസ്ഥാന ജില്ലയ്ക്ക് ഏറെ മുതൽക്കൂട്ടാകും. ഇവിടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും മുകളിലേക്ക് കയറാനുള്ള പടികളും താഴെ ഒരു ഓഫീസ് മുറിയും കെട്ടിയത് മാത്രമാണ് നടന്നത്. സന്ദർശകർക്ക് അത്യാവശ്യം വേണ്ട പ്രാഥമിക സൗകര്യങ്ങൾ പോലും ഇവിടെ ഒരുക്കിയിട്ടില്ല. പ്രമുഖ വാസ്തു വിദഗ്ദ്ധനായ രഘുറാമിന്റെ മേൽനോട്ടത്തിൽ നാല് വർഷം മുമ്പ് തയ്യാറാക്കിയ പദ്ധതികൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. മുകളിലേക്ക് കയറാനുള്ള പടികളും താഴെ ഒരു മുറിയും കെട്ടിയതോടെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ അധികൃതർ മറന്നമട്ടാണ്.
ടൂറിസം സാദ്ധ്യതകൾ
------------------------------------
ഒരിക്കലും വറ്റാത്ത നീരുറവകളും നിരവധി കൊത്തുപണികളും ശിലാ ലിഖിതങ്ങളും കൊത്തിയുണ്ടാക്കിയ ഗുഹാ മുഖവും പുലിച്ചാണിയും ചരിത്രശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നു. നൂറ്റാണ്ടുകൾ പിന്തുടരുന്ന ഗോത്രാചാരപ്രകാരമുള്ള ആരാധനാസമ്പ്രദായങ്ങൾ പിന്തുടരുന്ന ആയിരവില്ലി ക്ഷേത്രവും അതോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളും തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതിക്ക് അനുയോജ്യമാണ്. പാരാഗ്ലൈഡിംഗ്, മൗണ്ടൻ സൈക്ളിംഗ്, റോപ്പ് ക്ലൈമ്പിംഗ്, കുതിര സവാരി, അഡ്വെഞ്ചർ പാർക്കുകൾ തുടങ്ങി സാഹസിക ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയാൽ അത് ആഭ്യന്തര ടൂറിസത്തിനും മുതൽക്കൂട്ടാകും. ആരോഗ്യ ടൂറിസം, സാംസ്കാരിക ടൂറിസം, എത്നിക് ടൂറിസം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തി സമഗ്രമായ ഒരു ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ വെള്ളാണിക്കൽ പാറമുകളിന്റെ മുഖച്ഛായ മാറ്റാം.
ഇവിടെ എത്തിച്ചേരാൻ
---------------------------------------------------
പോത്തൻകോടു നിന്നു കോലിയക്കോട് വഴി 2 കിലോമീറ്ററും, വെഞ്ഞാറമൂട് നിന്നു പാറക്കൽ വഴി 5 കിലോമീറ്ററും വേങ്ങോട് നിന്നു 3 കിലോമീറ്ററും, ആറ്റിങ്ങൽ മുദാക്കൽ വഴി 5 കിലോമീറ്ററും യാത്രചെയ്‌താൽ വെള്ളാണിക്കൽ പാറമുകളിലെത്താം.
പാറമുകളിൽ പ്രഖ്യാപിച്ചത്
-----------------------------------------------------
കുട്ടികൾക്കുള്ള ആധുനിക പാർക്ക്, പാറയിൽ കൊത്തിയുണ്ടാക്കുന്ന നടപ്പാതകൾ. അസ്തമയം കാണാൻ പാറയിൽ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങൾ, പാറമുകളിലെ വാഹന പാർക്കിംഗ് എരിയകൾ, റോപ്‌വേ, ഔഷധ ഉദ്യാനങ്ങൾ, ഫാമിലി റിസോർട്ടുകൾ, കൃത്രിമ വെള്ളച്ചാട്ടം, റോക്ക് ഗാർഡൻ
പാറമുകളിന്റെ വിസ്‌തൃതി - 23 എക്കർ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 650 അടി