aaa

കല്ലമ്പലം: കുടവൂരിന്റെ വികസനത്തിന് സ്വന്തമായൊരു പഞ്ചായത്ത്‌ വേണമെന്നാവശ്യത്തിന് അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപടിയില്ല. കിളിമാനൂർ ബ്ലോക്കിലെ വിസ്‌തൃതിയിലും ജനസംഖ്യയിലും മുന്നിൽ നിൽക്കുന്ന നാവായിക്കുളം ഗ്രാമപഞ്ചായത്തിനെ വിഭജിച്ച്‌ രണ്ട് പഞ്ചായത്താക്കാനുള്ള ശ്രമങ്ങൾ 1970ൽ മടവൂർ - പള്ളിക്കൽ പഞ്ചായത്ത് വിഭജനത്തോടൊപ്പം തുടക്കം കുറിച്ചെങ്കിലും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും എം.എൽ.എമാരും ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ അവഗണന കാട്ടുകയാണുണ്ടായത്. വർക്കല നിയോജകമണ്ഡലം നിലവിൽ വന്നപ്പോഴും നാവായിക്കുളം പഞ്ചായത്ത് വിഭജനം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കുടവൂർ കേന്ദ്രമാക്കി പഞ്ചായത്ത് വന്നാൽ പ്രദേശത്തെ കൃഷി ഭവൻ, പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുകയും കേന്ദ്ര - കേരള സർക്കാർ ഫണ്ടുകൾ വിനിയോഗിക്കപ്പെടുന്ന സാഹചര്യം വന്നുചേരുകയും ചെയ്യും. അരനൂറ്റാണ്ടായിട്ടുള്ള പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് പലരുടെയും ഉദാസീനതകൊണ്ട് ഇനിയും പൂവണിയാത്തത്. രണ്ടു വില്ലേജുകളുള്ള അപൂർവം പഞ്ചായത്തുകളിലൊന്നായ നാവായിക്കുളം പഞ്ചായത്തിൽ കുടവൂർ വില്ലേജ് പരിധിയിൽപ്പെടുന്ന വാർഡുകൾ ഉൾപ്പെടുത്തി കുടവൂർ പഞ്ചായത്ത് രൂപീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിന് നിയമ തടസം ഒന്നും തന്നെയില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പ്രാദേശിക വികസനത്തിൽ വളരെ പിന്നിലാണ് നാവായിക്കുളം പഞ്ചായത്ത്. വിസ്തൃതിയിലും ജനസംഖ്യയിലും മുന്നിലായതാണ് ഇതിന് കാരണം. കുടവൂർ പഞ്ചായത്ത് രൂപീകരണത്തിന് വേണ്ടി ജനകീയ കൂട്ടായ്മയും ആക്ഷൻ കൗൺസിലും രൂപീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

പഞ്ചായത്ത് ആരംഭിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമായത്- 1970ൽ

2010ൽ കുടവൂർ ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചുള്ള വിജ്ഞാപനം വന്നെങ്കിലും മറ്റു ചില പഞ്ചായത്ത് വിഭജനം സംബന്ധിച്ചുള്ള പരാതികളുയർന്നതിനാൽ ഹൈക്കോടതി സ്റ്റേ നൽകുകയായിരുന്നു.

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് വിഭജിക്കണം

രണ്ട് വില്ലേജുകളും 22 വാർഡുകളുമുള്ള നാവായിക്കുളം ഗ്രാമ പഞ്ചായത്ത് വിഭജിച്ച്‌ കുടവൂർ വില്ലേജ് പരിധിയിലുള്ള പ്രദേശത്തെ പ്രത്യേകം പഞ്ചായത്താക്കാനുള്ള നടപടികൾ വൈകുന്നതിൽ നാട്ടുകാർക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതികൾ ഇതു സംബന്ധിച്ച തീരുമാനം പഞ്ചായത്ത് ഡയറക്ടർക്ക് നൽകാതെയും വിഷയം കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയും അകാരണമായി നീട്ടി കൊണ്ടുപോകുകയായിരുന്നു. പുതിയ ഭരണസമിതിയെങ്കിലും ഇതിനൊരു തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കുടവൂരിന് സ്വന്തമായി പഞ്ചായത്ത് വേണം. ഇത് ജനങ്ങളുടെ നന്മയ്ക്കും നാടിന്റെ വികസനത്തിനും അത്യന്താപേക്ഷിതമാണ്. ഡീസന്റ്മുക്കിനും കപ്പാംവിളയ്ക്കും ഇടയിൽ പാറച്ചേരിയിലെ കാടുപിടിച്ചു കിടക്കുന്ന പുറമ്പോക്ക് ഭൂമി പഞ്ചായത്തിന് കെട്ടിടം നിർമ്മിക്കാനായി ഉപയോഗപ്പെടുത്താം. ഇനിയും അകാരണമായി പഞ്ചായത്ത് രൂപീകരണം നീട്ടികൊണ്ടുപോയാൽ തിരഞ്ഞെടുപ്പ് ബഹിഷ്കരണം പോലുള്ള നിലപാടുകളെടുക്കേണ്ടി വരും.

അബ്ദുൾ റഹീം, പൊതു പ്രവർത്തകൻ,

കപ്പാംവിള, കുടവൂർ